നിരത്തിലെ കൊമ്പന്മാർ, എസ്.യു.വി കാറുകൾക്ക് പ്രിയമേറുന്നു
കൊച്ചി: ഇന്ത്യയിൽ സെഡാൻ, കോംപാക്ട് സെഡാൻ കാറുകളെ പിന്തള്ളി സ്പോട്സ് യൂട്ടിലിറ്റി വെഹിക്കിളുകൾ (എസ്.യു.വികൾ) നിരത്ത് പിടിച്ചടക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട മുൻനിര എസ്.യു.വി കാറുകൾ കൈയിൽകിട്ടാൻ ഉപഭോക്താക്കൾ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ആളുകളുടെ കാത്തിരിപ്പ് ദൈർഘ്യം കുറയ്ക്കാൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയാണ്. ഒരിക്കൽ പണക്കാരുടേതെന്ന് കരുതി മാറ്റിനിറുത്തപ്പെട്ട വാഹനങ്ങൾ ഇപ്പോൾ സാധാരണക്കാരുടെയും ചോയ്സ് ആയി മാറുന്ന കാഴ്ചയാണ് വാഹനവിപണിയിൽ. എസ്.യു.വികളുടെ ചെറുപതിപ്പുകൾ ഇറങ്ങിത്തുടങ്ങിയതോടെയാണ് ഈ മാറ്റം തുടങ്ങിയത്. 2024 സാമ്പത്തിക വർഷത്തിലെ മാത്രം കണക്കെടുത്താൽ ഇന്ത്യയിൽ വിറ്റ പാസഞ്ചർ കാറുകളിൽ 50 ശതമാനം എസ്.യു.വികളാണ്. ഹാച്ച്ബാക്കുകൾ 28ശതമാനവും സെഡാനുകൾ വെറും 9ശതമാനവുമാണ് വിറ്റത്. 2020ൽ വെറും 26ശതമാനമായിരുന്നു എസ്.യു.വികളുടെ വില്പന. ഓരോ വർഷവും പടിപടിയായ ഉയർച്ചയാണ് എസ്.യു.വി വില്പനയിലുണ്ടായത്. അതേസമയം, 2020ൽ 47 ശതമാനം വിറ്റുപോയിരുന്ന ഹാച്ച്ബാക്ക് കാറുകളുടെ വില്പനയിൽ ഓരോ വർഷവും ഇടിവ് ആണ് രേഖപ്പെടുത്തുന്നത്.
ലോകമാകെ മാറ്റം ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണെന്ന് ലോകം ഉറ്റുനോക്കുമ്പോഴാണ് റോഡുകൾ കൈയടക്കി എസ്.യു.വി വാഹനങ്ങളുടെ വില്പന കുതിച്ചുകയറുന്നത്. എസ്.യു.വി പ്രിയം ഇന്ത്യയിൽ മാത്രമല്ല, ലോകമാകെയുണ്ടെന്നാണ് ആഗോളതലത്തിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ൽ ആഗോളതലത്തിൽ 54ശതമാനവും വിറ്റുപോയത് എസ്.യു.വി കാറുകളാണ്!ഗ്ലോബൽ ഡാറ്റ അനുസരിച്ച് ഏറ്റവും കൂടുതൽ എസ്.യു.വി കാറുകൾ വിറ്റ രാജ്യം ചൈനയാണ്, 11.6 ദശലക്ഷം കാറുകൾ! തൊട്ടുപിന്നാലെ അമേരിക്കയാണ്. മൂന്നാംസ്ഥാനത്തുള്ളത് ഇന്ത്യയും! എന്തുകൊണ്ട് ആളുകൾ എസ്.യു.വികളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു എന്നതിന് പലകാരണങ്ങളുണ്ട്. വാഹനങ്ങൾ വാങ്ങാൻ ആളുകൾ കൂടുതൽ പണമിറക്കാൻ തുടങ്ങി എന്നത് തന്നെയാണ് അതിൽ പ്രധാനം.
സാമ്പത്തിക വളർച്ച ഇന്ത്യൻ സാമ്പത്തിക രംഗം അതിവേഗം മുന്നേറുകയാണ്. ആളുകൾക്ക് കൂടുതൽ വരുമാനം വരാൻ തുടങ്ങിയത് അവരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിച്ചു. അത് എസ്.യു.വി പോലെ വലിയ വാഹനങ്ങൾ വാങ്ങാൻ അവർക്ക് മടിയില്ലാതാക്കി.
ഇഷ്ടവാഹനം ലഭ്യമാകുന്നു പണക്കാരുടെ വാഹനമെന്ന് കരുതിയിരുന്ന എസ്.യു.വികൾ, കോംപാക്ട് എസ്.യു.വികളുടെ വരവോടെ 10 ലക്ഷം രൂപയിലും താഴെ ലഭ്യമായി തുടങ്ങി. ഇത് തങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കാൻ സാധാരണക്കാർക്ക് അവസരമൊരുക്കി
കാഴ്ചയിൽ കേമൻ റോഡിൽ മറ്റേതൊരു വാഹനത്തേക്കാളും എടുപ്പുണ്ട് എസ്.യു.വികൾക്ക്. വളരെ സുഖകരവും സൗകര്യപ്രദവുമായ യാത്രയാണ് എസ്.യു.വി വാഗ്ദാനംചെയ്യുന്നത്. ഏതൊരാളെയും ആകർഷിക്കുന്ന ഡിസൈനാണ് എസ്.യു.വികൾക്കുള്ളത്.
പല വില, പല മോഡലുകൾ മുമ്പ് വിരലിലെണ്ണാവുന്ന എസ്.യു.വി മോഡലുകൾ മാത്രമേ ഇന്ത്യയിൽ ലഭിച്ചിരുന്നുള്ളൂ. ഇപ്പോൾ വിദേശ കാർ നിർമ്മാതാക്കളടക്കം ഇന്ത്യൻ റോഡുകൾക്ക് പാകമായ എസ്.യു.വികൾ നിരത്തിലിറക്കാൻ മത്സരിക്കുകയാണ്. അത് പല വിലകളിൽ വിവിധ മോഡലുകളിൽ നിന്ന് എസ്.യു.വികൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉപഭോക്താവിന് നൽകുന്നു.