എൻജിനിയ‌ർ ജോലി ഉപേക്ഷിച്ച് ശേഷാദ്രി

Monday 28 April 2025 11:07 PM IST

സുൽത്താൻ ബത്തേരി: മലവയലിലെ വീടിന്റെ ടെറസിൽ സജ്ജമാക്കിയ ശീതീകരിച്ച മുറിയിലാണ് ശേഷാദ്രി കുങ്കുമപ്പൂ വിരിയിച്ചെടുക്കുന്നത്. ഗ്രാമിന് 300 മുതൽ 1000 രൂപവരെ വിലയുള്ള സുഗന്ധവ്യഞ്ജനമാണിത്. കിറ്റ്‌കോയിൽ സിവിൽ എൻജിനിയറായ ഈ യുവാവ്‌ ജോലിയോട് വിടപറഞ്ഞാണ് കുങ്കുമപ്പൂ കൃഷിയിലേക്ക് തിരിഞ്ഞത്. നിമിത്തമായത് പൂനെ യാത്ര. അവിടെ കർഷകർ കുങ്കുമപ്പൂ കൃഷിചെയ്യുന്നത്‌ കാണാൻ ഇടയായി. കൃഷിരീതി കർഷകരോട്‌ ചോദിച്ചു മനസിലാക്കി. കണ്ടാൽ വെളുത്തുള്ളിയെന്ന്‌ തോന്നുന്ന സാഫ്രൺകോർമ്സ് കാശ്മീരിൽ നിന്ന് എത്തിച്ചു. വീടിന്റെ ടെറസിൽ താപനിലയും ഈർപ്പവും നിലനിറുത്തുന്ന സജ്ജീകരണമൊരുക്കി.

സെപ്തംബർ മുതൽ ഡിസംബർ വരെയാണ് കൃഷി. നാലു മാസംകൊണ്ട് വയലറ്റ് നിറത്തിലുള്ള പൂക്കൾ പാകമാകും. പൂക്കളുടെ ജനിദണ്ഡുകൾ ശേഖരിച്ച് പ്രത്യേക യന്ത്രത്തിൽ ഉണക്കിയെടുക്കണം. ഒരു പൂവിൽ മൂന്ന് ജനിദണ്ഡുകളാണുണ്ടാവുക. ഒരു ഗ്രാം കുങ്കുമപ്പൂവിന് 150 പൂക്കളെങ്കിലുംവേണം. ഗുണമേന്മയ്ക്കനുസരിച്ചാണ് വില. സഹോദരി നിത്യയാണ് സഹായി. പരേതരായ ശിവകുമാറിന്റെയും സർവമഗളയുടെയും മക്കളാണിവർ.

എയറോപോണിക്‌സ് കൃഷി

225 ചതുരശ്ര അടി വിസ്തീർണത്തിൽ പഫ് പാനൽ ഉപയോഗിച്ചാണ്‌ കോൾഡ് സ്‌റ്റോറേജ് നിർമ്മിച്ചത്. നിരവധി തട്ടുകളിലുള്ള ട്രേകളിലാണ് കുങ്കുമപ്പൂവിന്റെ കിഴങ്ങ് നടുന്നത്. ഗ്രോ ലൈറ്റുകളാണ് പ്രകാശത്തിന് ഉപയോഗിക്കുന്നത്. ഈർപ്പം കൂട്ടുന്നതും കുറയ്ക്കുന്നതും യന്ത്രസഹായത്താലാണ്. ഇന്റർനെറ്റ് വഴി നിയന്ത്രിക്കാനാവുന്ന സംവിധാനമാണിത്. ആവശ്യമായ വളവും വെള്ളവും അന്തരീക്ഷ ക്രമീകരണത്തിലൂടെ ലഭ്യമാക്കും.

കുങ്കുമപ്പൂവിൽ കാർഷിക വിപ്ലവം: മലയാളിക്ക് മോദിയുടെ പ്രശംസ

ന്യൂഡൽഹി: 'മനസുണ്ടെങ്കിൽ നടപ്പാക്കാൻ വഴിയുമുണ്ട്' എന്നതിന്റെ മികച്ച ഉദാഹരണമാണ് വയനാട്ടിലെ കുങ്കുമപ്പൂ കൃഷിയുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒ‌ാർമ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് ഇക്കാര്യം പരാമർശിച്ചത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി എസ്. ശേഷാദ്രിയാണ് പ്രശംസയ്ക്ക് പാത്രമായത്. വയലിലോ കരയിലോ അല്ല ശേഷാദ്രി കുങ്കുമക്കൃഷി ചെയ്യുന്നത്. എയറോപോണിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. വായുവിന്റെയോ മൂടൽമഞ്ഞിന്റെയോ അന്തരീക്ഷത്തിൽ സസ്യങ്ങൾ വളർത്തുന്ന സംവിധാനമാണ് എയറോപോണിക്‌സ് കൃഷി.