ആൾക്കൂട്ട മർദ്ദനം: യുവാവിന് ദാരുണാന്ത്യം, 10 പേർ അറസ്റ്റിൽ

Monday 28 April 2025 12:00 AM IST
സൂരജ്

 അച്ഛനും മക്കളും കസ്റ്റഡിയിൽ

ചേവായൂർ: കോഴിക്കോട്ട് ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ചേവായൂരിലാണ് സംഭവം. മായനാട് പാലക്കോട്ടുവയൽ കിഴക്കയിൽ വീട്ടിൽ എം.കെ. ബോബിയുടെ മകൻ സൂരജാണ് (20) മരിച്ചത്. സംഭവത്തിൽ ചെലവൂർ പെരയോട്ടിൽ മനോജ് കുമാർ (49),​ മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19), അനന്തു കൃഷ്ണ (20), അശ്വിൻ ശങ്കർ (18), യദുകൃഷ്ണ (20), അഭിശാന്ത് (21), വിജയ് കൃഷ്ണ (21), നിഹൽ (20) എന്നിവരെ ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് ഹാജരാക്കി.

സൂരജിന്റെ സുഹൃത്തും വിജയും തമ്മിൽ ചെത്തുകടവ് എസ്.എൻ.ഇ.എസ് കോളേജിൽ വച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൽ സൂരജും ഇടപെട്ടിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. പാലക്കോട്ടുകാവ് ഉത്സവത്തിന് എത്തിയതാണ് സൂരജ്. അതിനിടെയാണ് 20 പേരടങ്ങുന്ന സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്.

നാട്ടുകാർ ഇടപെട്ട് സ്ഥിതി ശാന്തമാക്കിയെങ്കിലും പിന്നീടും ആക്രമണമുണ്ടായി. അവശനിലയിലായ സൂരജിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാരിയെല്ലിനുണ്ടായ പൊട്ടലാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണവിവരമറിഞ്ഞ് എത്തിയവർ മനോജിന്റെ വീടിന് നേരെ ആക്രമണം നടത്തി. മെക്കാനിക്കായിരുന്നു സൂരജ്. മൃതദേഹം പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ: ബേബി രസ്ന, സഹോദരൻ: ആദിത്യൻ.