കാറ്റിലും മഴയിലും വീട് തകർന്നു

Monday 28 April 2025 12:50 AM IST

മാരൂർ : ശനിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും മാരൂർ ഈട്ടിത്തുണ്ടിൽ തെക്കേതിൽ തുളസീധരന്റെ വീട് തകർന്നു. മുറ്റത്തു നിന്ന ഒരു പ്ളാവ് പിഴുതും മറ്റൊന്നിന്റെ ശിഖിരം ഒടിഞ്ഞും വീടിന്റെ ‌‌ഓട് മേഞ്ഞ മേൽക്കൂരയിൽ പതിക്കുകയായിരുന്നു. രാത്രി ഏഴു മണിയോടെയുണ്ടായ ശക്തമായ കാറ്റിലായിരുന്നു അപകടം. ഈ സമയം തുളസീധരന്റെ ഭാര്യ സുജയും ഇളയ മകൻ അഖിലും വീട്ടിൽ നിന്ന് പുറത്തിറങ്ങി നിന്നതിനാൽ ആളപായം ഒഴിവായി. വീടിന്റെ ഓടുകൾ തകർന്നു. പട്ടികയും കഴുക്കോലും ഒടിഞ്ഞു വീണു. മുറിക്കുള്ളിലുണ്ടായിരുന്ന കട്ടിൽ, ഡയനിംഗ് ടേബിൾ, അലമാര, കസേരകൾ എന്നിവ പൂർണമായി നശിച്ചു. തുളസീധരനും മൂത്ത മകൻ അതുലും ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു.