വേനൽ മഴ ശക്തം, 7 വീടുകൾ തകർന്നു

Monday 28 April 2025 12:03 AM IST

കൊല്ലം: വേനൽ മഴ ശക്തമായതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ വിവിധയിടങ്ങളിലായി ഏഴ് വീടുകൾ തകർന്നു. കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം, വെളിയം എന്നിവിടങ്ങളിലായി രണ്ട് വീടുകളും പെരിനാട് മൂന്ന് വീടുകളും കൊല്ലം ഈസ്റ്റ് കല്ലടയിൽ ഒരു വീടും ഭാഗികമായും വെള്ളിമണിൽ ഒരു വീട് പൂർണമായും തകർന്നു.

ദേശീയപാതയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലഭാഗങ്ങളിലായി മരക്കൊമ്പുകളും മരങ്ങളും വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. ഇന്നലെ ദേശീയപാതയിൽ ചീരങ്കാവ് ഭാഗത്ത് മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി 8 ഓടെ പെയ്ത മഴയിൽ ഉളിയക്കോവിൽ, തങ്കശേരി, ആശ്രാമം എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി നാശനഷ്ടമുണ്ടായി. മുണ്ടാലുംമൂട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി വൈദ്യുതി ലൈനിനും സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും മുകളിലേക്ക് വീണ് കേടുപാടുകൾ സംഭവിച്ചു. മണലിൽ ക്ഷേത്രത്തിന് സമീപവും ഉളിയക്കോവിൽ കൊച്ചുകാവ് ക്ഷേത്രത്തിന് സമീപവും പോർട്ട് റോഡിലും മരങ്ങൾ കടപുഴകി.

വിളിക്കേണ്ട നമ്പർ

വൈദ്യുതി ലൈൻ അപകടം- 1056

കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912

ഇന്നലെ ലഭിച്ച മഴ

പാരിപ്പള്ളി -13.5 മില്ലി മീറ്റർ

പുനലൂർ - 16.8 മില്ലി മീറ്റർ

കാരുവേലിൽ - 23.5 മില്ലി മീറ്റർ

കൊല്ലം - 4 മില്ലി മീറ്റർ