ഹയർ സെക്കൻഡറി സ്ഥലംമാറ്റം: മലയോര പട്ടികയിൽ വിവേചനം
കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ സർവീസാനുകൂല്യം ലഭ്യമാകുന്ന മലയോര പ്രദേശങ്ങളിലെ സ്‌കൂളുകളെ പൂർണമായി പരിഗണിച്ചില്ലെന്ന് പരാതി. മേയ് മൂന്നിനകം തിരുത്തൽ നടപടി വേണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ ജോലിചെയ്യുന്ന ഓരോ വർഷവും ഒന്നര വർഷത്തിന് സമാനമായും രണ്ടു വർഷം മൂന്നു വർഷമായും കണക്കാക്കി സ്ഥലം മാറ്റത്തിനപേക്ഷിക്കാമെന്നാണ് വ്യവസ്ഥ. വയനാട്ടിലെ എല്ലാ സ്‌കൂളുകൾക്കും മലയോര പ്രദേശമെന്ന പരിഗണനയുണ്ട്. 2013നുശേഷം വയനാട്ടിലെ ഒമ്പത് ഹയർസെക്കൻഡറി സ്‌കൂളുകൾ മലയോര പട്ടികയിലില്ല. കഴിഞ്ഞ വർഷത്തെ പട്ടിക തന്നെയാണ് ഇക്കുറിയും പോർട്ടലിൽ ഉൾപ്പെടുത്തിയത്. പട്ടിക പരിഷ്‌കരിക്കാത്തതിനാൽ അദ്ധ്യാപകർക്ക് അർഹമായ സർവീസ് ആനുകൂല്യം നഷ്ടമാകും. മലയോര സ്‌കൂളുകളുടെ പട്ടിക പരിഷ്‌കരിച്ച് ട്രാൻസ്ഫർ സൈറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. കാസർകോട് ജില്ലയിൽ 2013നു ശേഷം അനുവദിക്കപ്പെട്ട ഒമ്പത് സ്‌കൂളുകൾ വിദൂരപ്രദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ആനുകൂല്യങ്ങൾക്ക് അർഹതയുള്ള സ്‌കൂളുകളെ പട്ടികയിൽ ഉൾപ്പെടുത്തി സ്ഥലംമാറ്റം നടപ്പാക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിട മൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് എന്നിവർ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.
വയനാട്ടിൽ ഒഴിവായവ
ജി.എച്ച്.എസ്.എസ് കല്ലൂർ, ഗവ.സർവജന എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി ജി.എച്ച്.എസ്.എസ് കൽപ്പറ്റ ജി.എച്ച്.എസ്.എസ് കോട്ടത്തറ ജി.എച്ച്.എസ്.എസ് വാളേരി ജി.എം.ആർ.എസ് ഗേൾസ് കൽപ്പറ്റ ജി.എച്ച്.എസ്.എസ് എടത്തന ജി.എച്ച്.എസ്.എസ് കുഞ്ഞോം ജി.എച്ച്.എസ്.എസ് തരുവണ