ലിവറിന്റെ ഒരു പവറേ
ലിവർപൂളിന് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടം
ലണ്ടൻ : സീസണിൽ നാലുമത്സരങ്ങൾ ശേഷിക്കവേ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കി ലിവർപൂൾ. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ 5-1ന് ടോട്ടൻഹാമിനെ അടിച്ചുതകർത്താണ് പോയിന്റ് നിലയിൽ മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലെത്തി ലിവർപൂൾ തങ്ങളുടെ രണ്ടാ പ്രിമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ലിവർപൂൾ കിരീടമണിയുന്നത്.
ഇന്നലത്തെ വിജയത്തോടെ ലിവർപൂളിന് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. ഇപ്പോൾ രണ്ടാമതുള്ള ആഴ്സനലിന് 34 മത്സരങ്ങളിൽ നിന്ന് 67 പോയിന്റേയുള്ളൂ. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ലിവർപൂൾ തോൽക്കുകയും ആഴ്സനൽ ജയിക്കുകയും ചെയ്താലും പോയിന്റ് പട്ടികയിൽ ലിവർപൂളിനെ മറികടക്കാൻകഴിയില്ല.
ഇന്നലെ 12-ാം മിനിട്ടിൽ ഡൊമിനിക്ക് സൊലാങ്കേയിലൂടെ ടോട്ടൻഹാമാണ് ആദ്യം മുന്നിലെത്തിയതെങ്കിലും 16-ാം മിനിട്ടിൽ ലൂയിസ് ഡയസ്,24-ാം മിനിട്ടിൽ മക് അലിസ്റ്റർ,34-ാം മിനിട്ടിൽ കോഡി ഗാപ്കോ,63-ാം മിനിട്ടിൽ മുഹമ്മദ് സലാ എന്നിവർ ലിവർപൂളിന് വേണ്ടി സ്കോർ ചെയ്തു. 69-ാം മിനിട്ടിലെ ഉഡോഗിയുടെ സെൽഫ് ഗോൾ കൂടിയായപ്പോൾ ലിവറിന്റെ പട്ടിക പൂർത്തിയായി.
ഈ സീസണിൽ ഇതുവരെ കളിച്ച 34 മത്സരങ്ങളിൽ 25 വിജയങ്ങൾ നേടിയ മുഹമ്മദ് സലയും സംഘവും ഏഴ് കളികളിൽ സമനില വഴങ്ങി.രണ്ട് തോൽവികൾ മാത്രമാണ് നേരിടേണ്ടിവന്നത്. 80 ഗോളുകൾ അടിച്ചപ്പോൾ 32 എണ്ണം മാത്രമാണ് വാങ്ങിയത്.
20
ഇത് ഇരുപതാം തവണയാണ് ലിവർപൂൾ ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ കിരീടം നേടുന്നത്. ഇംഗ്ളീഷ് പ്രിമിയർ ലീഗ് എന്ന് പേരുമാറ്റിയശേഷം ആദ്യമായി കിരീടം നേടിയത് 2019-20ലാണ്. ഇത് രണ്ടാം പ്രിമിയർ ലീഗ് കിരീം
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി ഈ സീസണിലെ 24-ാം തോൽവി ഏറ്റുവാങ്ങി . വോൾവർ ഹാംപ്ടൺ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ലെസ്റ്ററിനെ കീഴടക്കിയത്. 34 മത്സരങ്ങളിൽ നാലു വിജയങ്ങൾ മാത്രം നേടാനായ ലെസ്റ്റർ 18 പോയിന്റുമായി 19-ാം സ്ഥാനത്താണ്. മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ അടുത്ത സീസണിൽ പ്രിമിയർ ലീഗിൽ നിന്ന് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടും.41 പോയിന്റുള്ള വോൾവർ പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ സതാംപ്ടണിനെ 2-1ന് ഫുൾഹാം തോൽപ്പിച്ചു. സതാംപ്ടണിന്റെ സീസണിലെ 27-ാം തോൽവിയാണിത്. ലീഗിൽ വോൾവറിന് പിന്നിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സതാംപ്ടണിന് ഇതുവരെ നേടാനായത് 11 പോയിന്റ് മാത്രമാണ്. സതാംപ്ടണും തരംതാഴ്ത്തൽ ഉറപ്പാക്കിക്കഴിഞ്ഞു. മറ്റൊരു മത്സരത്തിൽ ചെൽസി 1-0ത്തിന് എവർട്ടണെ കീഴടക്കി പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനത്തേക്കുയർന്നു.