വറ്റി വരണ്ട് കല്ലടയാർ
Monday 28 April 2025 12:22 AM IST
കുളത്തൂപ്പുഴ: കല്ലടയാർ കണ്ടാൽ കഷ്ടം തോന്നും. കാലിന്റെ മുട്ടറ്റം പോലും വെള്ളമില്ല. അങ്ങിങ്ങായി പൊങ്ങിയ കുറ്റിക്കാടുകളും മണൽക്കൂനകളും മാത്രം. വേനൽ കടുത്തതോടെ കല്ലടയാറിന്റെ അവസ്ഥയാണിത്. ഇടയ്ക്കിടെ മഴ പെയ്യാറുണ്ടെങ്കിലും ജലനിരപ്പ് ഉയരാറില്ല. നൂറ്റാണ്ടുകളായി കുളത്തൂപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് പരിസരത്തെ ആറ്റിൽ വലിപ്പമേറിയ ധാരാളം മത്സ്യങ്ങളുണ്ട്. വേനൽച്ചൂട് കടുത്തതോടെ ഒന്നിനേം കാണാനില്ല. കിലോമീറ്ററോളം ദൂരത്തിൽ മണൽത്തിട്ടകളുള്ളത് ആറിന്റെ ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. രണ്ട് വർഷമായി ഇവിടങ്ങളിൽ മണൽവാരലുമില്ല. അതും കല്ലടയാറിന്റെ ജല സമ്പത്തിനെ നശിപ്പിച്ചു. ഈ സ്ഥിതി തുടർന്നാൽ കല്ലടയാർ അധികം കഴിയും മുന്നേ ഇല്ലാതാകും.