ജോ ബൈഡനെ ശിവഗിരിമഠത്തിലേക്ക് ക്ഷണിച്ചു

Monday 28 April 2025 12:48 AM IST

വത്തിക്കാൻസിറ്റി: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡെൻ,യു.എസ് സ്റ്റേറ്റ് മുൻസെക്രട്ടറി ജോൺ കെറി എന്നിവരെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചതായി ഗുരുധർമ്മ പ്രചാരണ സഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തശേഷം വത്തിക്കാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുവരെയും സ്വാമി ക്ഷണിച്ചത്. ശ്രീനാരായണഗുരുദേവനാൽ വിരചിതമായ ലോക പ്രാർത്ഥനയായ ദൈവദശകത്തെക്കുറിച്ചും ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തെ കുറിച്ചും വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹത്തോടെ നടന്ന ലോകമത പാർലമെന്റിനെ കുറിച്ചും സ്വാമി വീരേശ്വരാനന്ദ വിശദീകരിച്ചു. തുടർന്ന് അമേരിക്കയിൽ സർവ്വമതസമ്മേളനം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ജോ ബൈഡെനും ജോൺ കെറിക്കും ശിവഗിരി മഠം സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി സ്വാമി വീരേശ്വരാനന്ദ പറഞ്ഞു. ചാണ്ടി ഉമ്മൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.