പന്നിപ്പടക്കമെറിഞ്ഞു, ചില്ലുകൾ തകർത്തു, കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസിനുനേരെ ആക്രമണം

Monday 28 April 2025 12:55 AM IST

കോഴിക്കോട്: കൊടുവള്ളിയിൽ ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ച് ടൂറിസ്റ്റ് ബസിനുനേരെ ആക്രമണം. ബസിനുനേരെ പന്നിപ്പടക്കം എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവറും ക്ലീനറും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാസർഗോഡ് സ്വദേശി ആട് ഷമീർ, കൂട്ടാളികളായ കൊളവായിൽ അസീസ്, അജ്മൽ എന്നിവരെ കൊടുവള്ളി പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് വടിവാളും ബോംബും കണ്ടെടുത്തു. സംഘത്തിലെ ഒരാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കൊടുവള്ളി വെണ്ണക്കാടാണ് സംഭവം. കല്യാണസംഘം എത്തിയ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളുകളെ ഇറക്കിയശേഷം വാഹനം തിരിക്കാനായി പെട്രോൾ പമ്പിലേക്ക് കയറ്റുകയും ആ സമയം റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഈസമയം ബസിന് പുറകിലായി അക്രമി സംഘം സഞ്ചരിച്ച് കാറുണ്ടായിരുന്നു. ഗതാഗതക്കുരുക്കുണ്ടായതോടെ ഇവർക്ക് പോകാനായില്ല. തുടർന്ന് ബസ് പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെ കാർ നടുറോഡിൽ നിറുത്തിയിട്ട ശേഷം ആക്രമണം നടത്തുകയായിരുന്നു. ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട ആക്രമികൾ, മുൻവശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും പന്നിപ്പടക്കം എറിയുകയും ചെയ്തു.

ബസിന് നേരെ എറിഞ്ഞ പടക്കങ്ങളിൽ ഒന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസെത്തി പെട്രോൾ പമ്പിന്റെ സമീപത്തുനിന്ന് മാറ്റി. ഡ്രെെവറും ക്ലീനറും വിവാഹസംഘത്തിലെ ഒരാളും മാത്രമാണ് ബസിലുണ്ടായിരുന്നത്. സംഘത്തലവനായ ആട് ഷമീർ 30 ലധികം കേസുകളിൽ പ്രതിയാണെന്നും മറ്റുള്ളവരും നിരവധി കേസുകളിൽ പ്രതികളാണെന്നും കൊടുവള്ളി എസ്.എച്ച്.ഒ അഭിലാഷ്.കെ.പി പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനിടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.