തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അഴിച്ചുപണി

Monday 28 April 2025 1:08 AM IST

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണിയുണ്ടാവില്ലെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പായി മാറ്രം വരുമെന്ന് സൂചന. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ചില ഡി.സി.സി അദ്ധ്യക്ഷന്മാർക്ക് മാറ്റമുണ്ടായേക്കും. എ.ഐ.സി.സി നേരിട്ടാവും തീരുമാനമെടുക്കുക.

അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ,​ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. സമ്മേളന തീരുമാനങ്ങൾ ഗുജറാത്തിൽ പ്രാവർത്തികമാക്കി തുടങ്ങിയിട്ടുണ്ട്. ഡി.സി.സികളുടെ അധികാരം വർദ്ധിപ്പിക്കാനും അഹമ്മദാബാദ് സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അഞ്ചംഗ പട്ടികയിൽ നിന്ന് എ.ഐ.സി.സി ആയിരിക്കും ഡിസി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുക.

കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്ന കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം വേണമെന്ന അഭിപ്രായം ചില നേതാക്കൾ ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. കെ.സുധാകരനെ മാറ്റിയാൽ പകരക്കാരനെ കണ്ടെത്തുക വലിയ കടമ്പയാണ്. അടൂർ പ്രകാശ് എം.പിയുടെ പേരാണ് സജീവമായി കേട്ടിരുന്നത്.

പുറമെ ഐക്യത്തിന്റെ അന്തരീക്ഷമാണെങ്കിലും നേതൃതലത്തിൽ ചില്ലറ സൗന്ദര്യപിണക്കങ്ങൾ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും എത്തുകയാണ്.

ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ പിടിച്ചെടുക്കാനായാൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ആത്മവിശ്വാസം ഉയരും. പി.വി.അൻവർ സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാട് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയുമുണ്ട്. തത്കാലം ഉപതിരഞ്ഞെടുപ്പ് വിജയം എന്ന ഒറ്റലക്ഷ്യം വച്ച് നീങ്ങാനാണ് ധാരണ.