തിരുപ്പതി: വാഹനം ചൂടാകുന്നില്ലെന്ന് ഉറപ്പാക്കണം

Monday 28 April 2025 1:19 AM IST

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലേക്ക് കാറിൽ വരുന്ന ഭക്തർ വാഹനം അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. തിരുമലയിലേക്കുള്ള റോഡിൽ കഴിഞ്ഞ ദിവസം രണ്ട് കാറുകൾക്ക് തീപിടിച്ച പശ്ചാത്തലത്തിലാണിത്. താപനില കൂടിയതിനെ തുടർന്ന് വാഹനങ്ങൾ അമിതമായി ചൂടായതാണ് തീപിടിക്കാൻ കാരണം. ദൂരെ നിന്ന് വരുന്നവർ മല കയറുന്നതിന് മുൻപ് വാഹനം 30 മിനിറ്റ് നിറുത്തിയിടണമെന്ന് പൊലീസ് നിർദ്ദേശം നൽകി. എൻജിൻ കൂളന്റ്,ഓയിൽ,ബ്രേക്ക്,എസി എന്നിവ പരിശോധിക്കണം, മല കയറുമ്പോൾ അടിക്കടി ബ്രേക്ക് ചവിട്ടാതിരിക്കുക,ന്യൂട്രലിൽ ഓടിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകി.