സഹകരണ സംഘം സെക്രട്ടറി ഓഫീസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ
Monday 28 April 2025 2:56 PM IST
ആലപ്പുഴ: സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുറവൂരിൽ ഇന്ന് രാവിലെയാണ് സംഭവം. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ എം കുഞ്ഞുമോൻ (52) ആണ് മരിച്ചത്.
രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോൾ ബാങ്കിന്റെ ഷട്ടർ ഉയർത്തിയ നിലയിലും മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയ നിലയിലുമായിരുന്നു. സാധാരണ ഇങ്ങനെ കാണുമ്പോൾ താക്കോൽ വയ്ക്കുന്ന ഇടം പരിശോധിക്കാനെത്തിയപ്പോഴാണ് ഓഫീസിനോട് ചേർന്നുള്ള മുറിയിൽ കുഞ്ഞുമോനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: ശ്രീജ. മക്കൾ: അഭിജിത്ത്, അഭിരാമി.