സംവിധായകരെ 'പൂട്ടിയത്' കഥ പറയാൻ എത്തിയ യുവാവ്, ഫ്ളാറ്റ് ലഹരി കേന്ദ്രമെന്ന് എക്‌സൈസിനെ അറിയിച്ചു

Monday 28 April 2025 3:08 PM IST

കൊച്ചി: സംവിധായകന്മാരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവ് ഉപയോഗിക്കുകയാണെന്ന വിവരം എക്‌സൈസിനെ അറിയിച്ചത് കഥ പറയാൻ എത്തിയ യുവാവാണെന്ന് സൂചന. ഇയാൾ ഈ ഫ്ളാറ്റിലെ നിത്യസന്ദർശകനായിരുന്നു. ഫ്ളാറ്റ് ലഹരി കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. പ്രമുഖ ഛായാഗ്രാഹകനായ സമീർ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തെ പൂർവ ഗ്രാൻഡ് ബേ ഫ്ളാറ്റിൽ നിന്നാണ് ഇരുവരെയും സുഹൃത്ത് ഷാലി മുഹമ്മദിനെയും ഇന്നലെ പുലർച്ചെ രണ്ടിന് എക്‌സൈസ് പിടികൂടിയത്.

സംവിധായകരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സസ്‌പെൻഡ് ചെയ്തു. തിയേറ്ററിൽ പ്രദർശനം തുടരുന്ന 'ആലപ്പുഴ ജിംഖാന'യുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാണ പങ്കാളിയുമാണ് ഖാലിദ് റഹ്മാൻ. തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷറഫ് ഹംസ.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും അത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തു. വൈദ്യപരിശോധനയ്ക്കു ശേഷം മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എൻ.ഡി.പി.എസ് ആക്ട് വകുപ്പു പ്രകാരം സമീർ താഹിറിനെയും പ്രതിചേർത്തേക്കും. ഇന്ന് കോടതിയിൽ അറസ്റ്റ് രേഖകൾ സമർപ്പിച്ചശേഷം സമീറിനെയും പ്രതികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഹൈബ്രിഡ് കഞ്ചാവ് ഇവർക്ക് എത്തിച്ച കൊച്ചി സ്വദേശി ഒളിവിലാണ്.