ആ കള്ളക്കഥ കാരണം ലീഡറിന്റെ കണ്ണിലെ കരടായി ഷാജി എൻ കരുൺ മാറി; ആദ്യസിനിമ ഇറങ്ങാതിരിക്കാൻ ഗുരുവായൂർ പോയി പ്രാർത്ഥിച്ചു
ദേശീയ - അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ യശസുയർത്തിയ സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഏറെ പ്രിയപ്പെട്ട സംവിധായകനായിരുന്നു അദ്ദേഹം. എന്നാൽ, ഷാജി എൻ കരുണിനെ വെറുത്തിരുന്ന ഒരു വ്യക്തിയുണ്ട്. ലീഡർ കെ കരുണാകരൻ.
ചിത്രാഞ്ജലി സ്റ്റുഡിയോ ലാബിലെ ഒരു ജീവനക്കാരൻ മെനഞ്ഞ കള്ളക്കഥ കാരണമാണ് ലീഡർ കെ കരുണാകരന്റെ കണ്ണിലെ കരടായി ഷാജി എൻ കരുൺ മാറിയത്. ലീഡർ പങ്കെടുത്ത ഒരു സർക്കാർ പരിപാടിയുടെ പടം എടുക്കാൻ ഷാജി വിസമ്മതിച്ചു എന്ന് പറഞ്ഞാണ് പ്രശ്നങ്ങളുടെ തുടക്കം. ജീവനക്കാരനെ ശകാരിച്ചതിന് ഷാജിയോട് അയാൾ പകരം വീട്ടിയതായിരുന്നു ഈ കള്ളക്കഥ രൂപത്തിൽ. എന്നാൽ, ഇതിന്റെ പേരിൽ ഷാജിയെ തേടിയെത്തിയ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു. അദ്ദേഹത്തെ കെഎസ്എഫ്ഡിസിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മൂന്നുവർഷം അത് നീണ്ടു.
ഷാജി എൻ കരുണിന്റെ ആദ്യ ചിത്രമായ 'പിറവി" ഇറങ്ങുന്ന സമയത്ത് അത് തന്നെക്കുറിച്ചാണോ എന്ന് ലീഡറിന് സംശയമുണ്ടായിരുന്നു. സിനിമ ഇറങ്ങാതിരിക്കാൻ അദ്ദേഹം ഗുരുവായൂരിൽ പോയി പ്രാർത്ഥിച്ചു എന്നുവരെ കഥയിറങ്ങിയിരുന്നു. കോഴിക്കോട് ചാത്തമംഗലം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി രാജന്റെ തിരോധാനത്തെക്കുറിച്ചാണ് 'പിറവി" യുടെ കഥയെന്നും ചിലർ പ്രചരിപ്പിച്ചിരുന്നു. രാജൻ കേസുമായി സിനിമയ്ക്ക് യാതൊരു ബന്ധമില്ലെന്ന് ഷാജി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. സിനിമ ഇറങ്ങിയ ശേഷമാണ് അത് എല്ലാവർക്കും ബോദ്ധ്യമായത്.