തസ്‌ലീമയുമായുള്ള  സാമ്പത്തിക  ഇടപാട്  'റിയൽ മീറ്റ്';   ഞെട്ടിക്കുന്ന  വെളിപ്പെടുത്തലുമായി  മോഡൽ  സൗമ്യ

Monday 28 April 2025 6:30 PM IST

ആലപ്പുഴ: ഹ്രെെബിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സെെസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡൽ സൗമ്യ. കേസിലെ പ്രതി തസ്‌ലീമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയൽ മീറ്റ്' കമ്മീഷനെന്നാണ് പാലക്കാട് സ്വദേശി സൗമ്യ മൊഴി നൽകിയത്. തസ്ലിമയെ അഞ്ച് വർഷമായി അറിയാമെന്നും സൗമ്യം സമ്മതിച്ചു.

ലെെംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്ന പദമാണോ 'റിയൽ മീറ്റ്' എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ഷെെൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും സൗമ്യം പറഞ്ഞതായാണ് വിവരം. താരങ്ങൾ സുഹൃത്തുക്കളാണെന്നും ലഹരി ഇടപാട് അറിയില്ലെന്നുമാണ് അവർ വ്യക്തമാക്കിയത്. തസ്ലീമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മോഡലിന്റെ മൊഴി എക്സെെസ് വിശ്വാസത്തിലെടുത്തില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.

അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്‌ലീമയുമായുള്ള സാമ്പത്തിക ഇടപാടിൽ വ്യക്തത വരുത്താൻ നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ഇന്ന് ഹാജരായി. അലപ്പുഴ എക്‌സൈസ് കമ്മീഷണർ ഓഫീസിൽ ആണ് ഇവരെത്തിയത്. രാവിലെ 7.30ഓടെയാണ് ഷൈൻ ഹാജരായത്. 8.15ന് ശ്രീനാഥ് ഭാസി എത്തി. ഹൈബ്രി‌ഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലീമ സുൽത്താന് (41) നടന്മാരുമായും മോഡൽ സൗമ്യയുമായും ബന്ധമുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാകും നടന്മാരെയടക്കം ചോദ്യം ചെയ്യുക.കഞ്ചാവ് കടത്ത് കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പ്രതിചേർക്കും.