കാരണം ലാ നിന പ്രതിഭാസം, ചൂട് 45 ഡിഗ്രിയും കടന്ന് മുന്നോട്ട്; കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Monday 28 April 2025 7:51 PM IST

ദുബായ്: ചൂട് വര്‍ദ്ധിക്കുകയാണെന്നും വരാനിരിക്കുന്നത് ഇനിയും കനത്ത വേനലിന്റെ ദിനങ്ങളാണെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. പ്രവാസി മലയളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന യുഎയില്‍ ഏപ്രില്‍ 29 മുതലാണ് ഔദ്യോഗികമായ ചൂട് സീസണ്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്. താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഫുജയ്‌റയിലെ തവിയനില്‍ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്.

യുഎഇയിലും അറബ് ഉപദ്വീപിലും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ ജൂണ്‍ ഏഴ് വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും ചൂട് സീസണ്‍ എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. 45 ഡിഗ്രിക്ക് മുകളിലേക്ക് പോകുമെന്നാണ് സ്ഥിരീകരണം. കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ താപനില 50 ഡിഗ്രിക്ക് മുകളിലായിരുന്നു.

ഇത്തവണ മഴയുടെ ലഭ്യത കുറവായിരുന്നു യുഎഇയില്‍, അതുകൊണ്ട് തന്നെ ചൂട് ഉയര്‍ന്ന് നില്‍ക്കാന്‍ ആണ് സാദ്ധ്യത. ലാനിന പ്രതിഭാസം കാരണമാണ് മഴ കുറഞ്ഞതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് പൊതുവെ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്ത് എത്താന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന മേഖലകളില്‍ തെളിഞ്ഞ ആകാശമാണ് ദൃശ്യമാകുന്നത് എങ്കിലും കിഴക്കന്‍ മേഖലകളില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ രൂപം കൊള്ളുന്നുണ്ട്.