അടിച്ച് തകര്‍ത്ത് ഗില്ലും ജോസേട്ടനും; ഗുജറാത്തിനെതിരെ രാജസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

Monday 28 April 2025 9:30 PM IST

ജയ്പൂര്‍: ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി ശുഭ്മാന്‍ ഗില്ലും ജോസ് ബട്‌ലറും രാജസ്ഥാന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു.

ശുഭ്മാന്‍ 50 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും സഹിതം 84 റണ്‍സ് നേടിയപ്പോള്‍ 26 പന്തുകള്‍ നേരിട്ട് പുറത്താകാതെ നിന്ന ജോസ് ബട്‌ലര്‍ നാല് സികിസും മൂന്ന് ബൗണ്ടറിയും സഹിതം 50 റണ്‍സ് നേടി. ഓപ്പണര്‍ സായ് സുദര്‍ശന്‍ 30 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടി പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍ 13(8) രാഹുല്‍ തെവാത്തിയ 9(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. ഷാരൂഖ് ഖാന്‍ 5*(2) പുറത്താകാതെ നിന്നു.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മഹീഷ് തീക്ഷണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.സീസണില്‍ ഇതുവരെ ഒമ്പത് മത്സരങ്ങള്‍ കളിച്ച സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് സ്വന്തം പേരിലുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ പോലും മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ പ്ലേഓഫിലേക്ക് വിദൂര സാദ്ധ്യതയെങ്കിലും അവശേഷിക്കുന്നുള്ളൂ. പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു ഇന്നും കളിക്കുന്നില്ല. റിയാന്‍ പരാഗ് ആണ് റോയല്‍സിനെ നയിക്കുന്നത്.