പെരിയാർവാലി കനാലിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
ചോറ്റാനിക്കര: തുപ്പംപടിക്ക് സമീപം പെരിയാർവാലി കനാലിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തുപ്പംപടി കാപ്പിൽ വീട്ടിൽ വിജീഷിനെയാണ് (38 ) രക്ഷപ്പെടുത്തിയത്. തുപ്പുംപടി സ്വദേശിയായ യുവാവ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കനാലിലേക്ക് വീണു പോകുകയായിരുന്നു. 30 അടിയോളം താഴ്ചയുള്ള കനാലിൽ യുവാവ് വീണതറിഞ്ഞ് മുളന്തുരുത്തി തുപ്പുംപടി ഗാന്ധിനഗർ സ്റ്റേഷനിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യു. ഇസ്മയിൽ ഖാന്റെ നേതൃത്വത്തിൽ ബോധരഹിതനായ യുവാവിനെ കനാലിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ച് മുകളിൽ എത്തിക്കുകയായിരുന്നു. യുവാവിനെ ഉടനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയതിനെ തുടർന്ന് അപകടനില തരണം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ്, ഡ്രൈവർ സുനിൽകുമാർ, അനൂപ് കൃഷ്ണൻ, ജിജോ, മിഥുൻ, പ്രജീഷ്, സാബു, ജേക്കബ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.