പിറന്നാൾ മധുരമായി പത്മഭൂഷൻ സ്വീകരിച്ച് ഡോ. ജോസ് ചാക്കോ പെരിയപ്പുറം
കൊച്ചി: പിറന്നാൾ ദിനത്തിൽ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ സ്വീകരിക്കാൻ കഴിഞ്ഞത് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ഇരട്ടിമധുരമായി. അറുപത്തേഴാം പിറന്നാൾ ദിനമായ ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഡോ. ജോസ് ചാക്കോ പത്മഭൂഷൺ സ്വീകരിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. പെരിയപ്പുറം എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗം തലവനാണ്.
ഇതുവരെ മുപ്പത് ഹൃദയ മാറ്റ ശസ്ത്രക്രിയകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. കാൽലക്ഷത്തോളം ഹൃദയ ശസ്ത്രക്രിയകൾ നടത്തി. ഇന്ത്യയിൽ ആദ്യമായി ഒരു വ്യക്തിയിൽ രണ്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയും നടത്തി. ഏഷ്യയിൽ ആദ്യമായി ടക്കയാസു രോഗിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതും സംസ്ഥാനത്ത് ആദ്യമായി ശ്വാസകോശ മാറ്റ ശസ്ത്രക്രിയ, വ്യോമമാർഗം ഹൃദയം കൊണ്ടുവന്ന് മാറ്റിയ ശസ്ത്രക്രിയ എന്നിവ നടത്തിയതും അദ്ദേഹമാണ്.
പാവപ്പെട്ട രോഗികളെ സഹായിക്കാനും ഹൃദ്രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും 2008ൽ അദ്ദേഹം ഹാർട്ട് കെയർ ഫൗണ്ടേഷൻ സ്ഥാപിച്ചു. 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ ജെയ്മി ജോസ്. മൂന്ന് ആൺമക്കളുണ്ട്.