അഡ്മിഷൻ 'തുടരുന്നു'
കൊച്ചി: മികച്ച സൗകര്യങ്ങളും അദ്ധ്യാപകരും മാത്രം പോര കുട്ടികളെ ക്യാൻവാസ് ചെയ്യാൻ, നല്ല ഡിസൈനേഴ്സും വേണമെന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ സ്കൂളുകൾ. ഇവയെല്ലാം സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് രക്ഷകർത്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുകയും വേണം. സ്മാർട്ട് ക്ലാസ് മുറികൾ മാത്രമല്ല റോബോട്ടിക് എ.ഐ ലാബും ശീതീകരിച്ച കളിസ്ഥലവുമെല്ലാം പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ കാത്തിരിക്കുന്നുണ്ട്. സ്കൂളിലെ സൗകര്യങ്ങളും മികവും ചൂണ്ടികാട്ടുന്നതിനൊപ്പം വീടുകൾ സന്ദർശിച്ചും സാമൂഹികമാദ്ധ്യമങ്ങളിൽ പരസ്യം ചെയ്തുമാണ് അടുത്ത വർഷത്തേയ്ക്കുള്ള കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്നത്.
സാമൂഹിക മാദ്ധ്യമങ്ങളിൽ സ്കൂൾ അഡ്മിഷൻ തന്ത്രങ്ങൾ
സിനിമ പേരുകൾ വച്ചുള്ള പോസ്റ്ററുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. മോഹൻലാലിന്റെ പുതിയ ചിത്രമായ തുടരും സിനിമയുടെ പോസ്റ്റർ മാതൃകയിൽ അഡ്മിഷൻ "തുടരും" എന്ന പേരിൽ പോസ്റ്റർ ഇറക്കിയിട്ടുണ്ട്. കൂടാതെ ട്രോളുകളും സാമൂഹികമാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. വീഡിയോകളും ബ്രോഷറുകളും തയ്യാറാക്കിയുള്ള പ്രചാരണവും നടക്കുന്നുണ്ട്. കെ.ജി ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള പുതിയ അഡ്മിഷൻകാർക്കായി പലവിധത്തിലാണ് പ്രചാരണം. ഗൂഗിൾ ഫോം വഴി ഓൺലൈനായും അഡ്മിഷൻ എടുക്കാനുള്ള സൗകര്യങ്ങളും സ്കൂളുകൾ ഒരുക്കിയിട്ടുണ്ട്.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ചെലവുകുറഞ്ഞ രീതിയിലാണ് പ്രവർത്തനം. സ്കൂളിലും പ്രദേശത്തെ പ്രധാനയിടങ്ങളിലും മികവോത്സവവും ബ്രോഷർ വിതരണവും മറ്റും നടത്തുന്നുണ്ട്. അദ്ധ്യാപകർ വീടുകൾ തോറും കയറിയിറങ്ങി സ്കൂളിന്റെ മികവ് വിവരിക്കും.
അൺ എയ്ഡഡ് സ്കൂളുകളുടെ പ്രചാരണ രീതികളാണ് മുന്നിൽ. ടെലിവിഷൻ താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങളും വീഡിയോകളും റീൽസുമെല്ലാം സാമൂഹികമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്നുണ്ട്. കുട്ടികൾക്കായി സമ്മാനപ്പൊതികളും മറ്റുമായി ചിലയിടങ്ങളിൽ അദ്ധ്യാപകർ വീടുകൾതോറും സന്ദർശിക്കും. സ്പോൺസർഷിപ്പിലും കുട്ടികളെ കണ്ടെത്തുന്നുണ്ട്.
ആധുനിക സംവിധാനം
അത്യാധുനിക സൗകര്യങ്ങൾക്കൊപ്പം എ.ഐ ലാബുകൾ, എ.സി സംവിധാനമുള്ള കളിസ്ഥലങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഇത്തരം സ്കൂളുകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മിക്കയിടത്തും പത്താംക്ലാസ് പാസാകുന്ന കുട്ടികൾക്ക് സൗജന്യമായി അലോട്ട്‌മെന്റിന് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിനൽകുന്നുണ്ട്. കമ്പ്യൂട്ടർ സെന്ററുകളിൽപോകുന്ന ബുദ്ധിമുട്ടൊഴിവാക്കുന്നതിനും കൂടുതൽ ഓപ്ഷനുകൾ കൊടുക്കാൻ സമയംവേണ്ടി വരുമെന്ന കാരണത്താലുമാണ് സൗകര്യം ഒരുക്കിനൽകുന്നത്. കൂടാതെ പ്രത്യേക ഓറിയന്റേഷൻ ക്ലാസുകളും കുട്ടികളെ ആകർഷിക്കാൻ നൽകുന്നുണ്ട്.