സൂര്യവന്‍ശിയുടെ തകര്‍പ്പന്‍ സെഞ്ച്വറി, ജയ്‌സ്‌വാളിന് ഫിഫ്റ്റി; രാജസ്ഥാന് എട്ട് വിക്കറ്റ് വിജയം

Monday 28 April 2025 11:06 PM IST

ജയ്പൂര്‍: തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കൊടുവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം. 14കാരന്‍ വൈഭവ് സൂര്യവന്‍ശി തീപ്പന്തമായി മാറിയ മത്സരത്തില്‍ 25 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സ് രാജസ്ഥാന്റെ വിജയം. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്‌വാളുമൊത്ത് 71 പന്തുകളില്‍ നിന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് വൈഭവ് സൂര്യവന്‍ശി 101(38) പുറത്തായത്. പ്രസീദ്ധ് കൃഷ്ണയുടെ തകര്‍പ്പന്‍ ഒരു യോര്‍ക്കറില്‍ കുട്ടിത്താരത്തിന്റെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 209-4 (20) | രാജസ്ഥാന്‍ റോയല്‍സ് 212-2(15.5)

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് നേടിയ വൈഭവ് സൂര്യവന്‍ശി ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിന് അക്ഷരാര്‍ത്ഥത്തില്‍ തീയിടുകയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഏറ്റവും വേഗതയേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിന് മാത്രം പിന്നിലായി രണ്ടാമത് എത്താനും സൂര്യവന്‍ശിക്ക് കഴിഞ്ഞു. ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറിയും ഇനി വൈഭവിന്റെ പേരിലാണ്.

യശ്വസി ജയ്‌സ്‌വാള്‍ 70(40) റണ്‍സ് നേടി പുറത്താകാതെ നിന്നു. നിതീഷ് റാണ 4(2), റിയാന്‍ പരാഗ് 32*(15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്.

ശുഭ്മാന്‍ 50 പന്തുകളില്‍ നിന്ന് നാല് സിക്സറുകളും അഞ്ച് ബൗണ്ടറിയും സഹിതം 84 റണ്‍സ് നേടിയപ്പോള്‍ 26 പന്തുകള്‍ നേരിട്ട് പുറത്താകാതെ നിന്ന ജോസ് ബട്ലര്‍ നാല് സികിസും മൂന്ന് ബൗണ്ടറിയും സഹിതം 50 റണ്‍സ് നേടി. ഓപ്പണര്‍ സായ് സുദര്‍ശന്‍ 30 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടി പുറത്തായി. വാഷിംഗ്ടണ്‍ സുന്ദര്‍ 13(8) രാഹുല്‍ തെവാത്തിയ 9(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. ഷാരൂഖ് ഖാന്‍ 5*(2) പുറത്താകാതെ നിന്നു.