മോദി എത്താനിരിക്കെ തലസ്ഥാനത്ത് തുടരെ ബോംബ് ഭീഷണി, മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ളിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം

Tuesday 29 April 2025 4:20 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കാൻ മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്താനിരിക്കെ തലസ്ഥാനത്ത് തുടരെയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയിൽ പൊലീസ് കനത്ത ജാഗ്രതയിൽ. ഇന്നലെ രാജ്ഭവൻ, സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ്,​​ ഔദ്യോഗിക വസതിയായ ക്ളിഫ്ഹൗസ്,​ വഴുതയ്ക്കാട്ടെ ഗതാഗത കമ്മിഷണറുടെ ഓഫീസ്, തൈക്കാട്ടെ വിജിലൻസ് ട്രൈബ്യൂണൽ എന്നിവിടങ്ങളിലായിരുന്നു ബോംബ് ഭീഷണി.

ബോംബ് സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാകോടതി, വിമാനത്താവളം, തമ്പാനൂർ റെയിൽവേ സ്റ്റേഷനിലടക്കം വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞദിവസം രാത്രി 11.34ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ സമയത്തുതന്നെയാണ് മറ്റിടങ്ങളിലും കിട്ടിയത്. abdul_arulappadoss@hotmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നായിരുന്നു ഭീഷണി സന്ദേശം.

പകൽ രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നും ലഹരിക്കെതിരായ നടപടിയിൽനിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നുമായിരുന്നു സന്ദേശത്തിൽ. ആർ.ഡി.എക്സ് ഉള്ള ഇംപ്രവൈസ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ബോംബ് ആണ് സ്ഥാപിച്ചതെന്നുമായിരുന്നു ഭീഷണി. അതേസമയം, ഇ-മെയിലിന്റെ ഉറവിടം പൊലീസിന് കണ്ടെത്താനായിട്ടില്ല.

പിന്നിൽ തമിഴ്നാട്

സ്വദേശികൾ? ബോംബ്‌ ഭീഷണികൾക്കു പിന്നിൽ തമിഴ്നാട് സ്വദേശികളാണെന്നാണ് പൊലീസിന് സംശയം. തമിഴ്‌നാടുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം സൂചിപ്പിച്ചിരിക്കുന്നതു കൊണ്ടാണിത്.

പ​ഹൽ​ഗാം ഭീകരാക്രണവും പരാമർശിക്കുന്നുണ്ട്. സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ഇ-മെയിലുകളുടെ ഐ.പി വിലാസം കണ്ടെത്താനായില്ല.