ജില്ലയ്ക്ക് നൂറുമേനി ; 5,865 ടൺ നെല്ല് സംഭരിച്ചു

Tuesday 29 April 2025 12:24 AM IST

തിരുവല്ല : ജില്ലയിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പും നെല്ല് സംഭരണവും ഊർജ്ജിതമായി. കഴിഞ്ഞ ശനിയാഴ്ച വരെ 5,865 ടൺ നെല്ല് സംഭരിക്കാനായി. ജില്ലയിലാകെയുള്ള 1,330 കർഷകരിൽ നിന്നുമാണിത്. കൊയ്ത്ത് കഴിഞ്ഞ 2,538 ഹെക്ടർ പാടങ്ങളിലെ സംഭരണമാണ് പൂർത്തിയായത്. ചില പാടങ്ങളിൽ ഇപ്പോഴും കൊയ്ത്തും സംഭരണവും നടന്നുവരികയാണ്. വേനൽമഴയുടെ ആശങ്കയുണ്ടെങ്കിലും കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടില്ല. വൈകി വിതച്ച പാടങ്ങളിലാണ് ഇപ്പോഴും വിളവെടുപ്പ് തുടരുന്നത്. പാലക്കാട്, എറണാകുളം, കോട്ടയം മേഖലകളിലെ സ്വകാര്യമില്ലുകളാണ് സപ്ലൈകോ മുഖേന കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ചത്. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് മുഴുവനും സപ്ലൈകോയ്ക്ക് നൽകുകയാണ് പതിവ്. ജില്ലയിലെ 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുൽപാദനം ഉള്ളത്. കഴിഞ്ഞവർഷം ജില്ലയിൽ നിന്ന് 9771.56 ടൺ നെല്ല് സംഭരിച്ചിരുന്നു.

പൊന്ന് വിളയിച്ച് പെരിങ്ങര ജില്ലയിൽ ഇത്തവണയും ഏറ്റവുമധികം നെൽകൃഷി ചെയ്തു വിളവെടുക്കുന്നത് പെരിങ്ങര പഞ്ചായത്തിലെ കർഷകരാണ്. ഇവിടുത്തെ 420 കർഷകരിൽ നിന്നായി 1,514 ടൺ നെല്ല് സംഭരിച്ചു. ജില്ലയിലെ നെല്ലുൽപാദനത്തിന്റെ 40 ശതമാനവും വർഷംതോറും പെരിങ്ങരയുടെ സംഭാവനയാണ്. അപ്പർകുട്ടനാട്ടിലെ കടപ്ര, നിരണം, നെടുമ്പ്രം, കുറ്റൂർ എന്നീ പഞ്ചായത്തുകളിലും സംഭരണം അവസാനഘട്ടത്തിലാണ്.

ഒരുകിലോ നെല്ലിന്റെ സംഭരണ വില: 28.32 രൂപ