ഐ. എം. വിജയന് യാത്രയയപ്പ്: കാൽപന്ത് ലോകം കോട്ടപ്പടി മൈതാനത്ത്‌ ഒത്തുചേർന്നു

Tuesday 29 April 2025 12:45 AM IST

മലപ്പുറം: കേരള പൊലീസിൽ നിന്ന് വിരമിക്കുന്ന

ഐ.എം.വിജയന് യാത്രയയപ്പ് നൽകാൻ കാൽപ്പന്ത് ലോകം ഇന്നലെ കോട്ടപ്പടി മൈതാനത്ത് ഒത്തുചേർന്നു. കേരള പൊലീസ് മുന്‍ ഫുട്ബാള്‍ ടീം അംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയ 'വിജയോത്സവം' ഫുട്ബോളായിരുന്നു കോട്ടപ്പടി മൈതാനത്ത് നടന്നത്. വിജയനൊപ്പം എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ്

റോയി റോജസ്, കെ.എ.പി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ്

സി.പി.അശോകന്‍ എന്നിവര്‍ക്കായിരുന്നു യാത്രയയപ്പ്. 30 മിനിറ്റ് നീണ്ട മത്സരം കേരള പൊലീസ് ലെജന്‍ഡ്സും മലപ്പുറം വെറ്ററന്‍സും തമ്മിലായിരുന്നു. ഗോള്‍ രഹിത സമനിലയില്‍ കളിയവസാനിച്ചു.

ഐ.എം.വിജയനായിരുന്നു ലെജന്‍ഡ്സ് ടീം ക്യാപ്റ്റന്‍.

മുന്‍ സന്തോഷ് ട്രോഫി കേരളാ ക്യാപ്റ്റന്‍ ആസിഫ് സഹീറായിരുന്നു മലപ്പുറം വെറ്ററന്‍സ് ക്യാപ്റ്റന്‍. മോഹന്‍ദാസായിരുന്നു ഗോള്‍ കീപ്പര്‍. യാസിര്‍ അറഫാത്ത്, നജീബ്, മുജീബ്, ഷരീഫ്, ജസീര്‍, ശബീര്‍ അലി, മെഹ്ബൂബ്, നൗഷാദ് പ്യാരി, റിയാസ് എന്നിവര്‍ ആസിഫിനു പിന്നില്‍ അണിനിരന്നു

. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനായി.

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി അദ്ധ്യക്ഷനായി.

നിരവധി താരങ്ങളെ വാര്‍ത്തെടുത്ത കോട്ടപ്പടി മൈതാനത്തു ആദ്യമായാണ് ഒരാള്‍ക്കു യാത്രയയപ്പ് ചടങ്ങ് നടത്തുന്നതെന്നു കളി ഉദ്ഘാടനം ചെയ്ത പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. കളക്ടര്‍ വി.ആര്‍.വിനോദ്, എസ്.പി ആര്‍. വിശ്വനാഥ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി.അനില്‍, കമാല്‍ വരദൂര്‍, മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മലയില്‍ ഗദ്ദാഫി, എ.സക്കീര്‍ പങ്കെടുത്തു.