മലിനജലം ഓടയിൽ ഒഴുക്കുന്നത് തടഞ്ഞു
Wednesday 30 April 2025 12:05 AM IST
നാദാപുരം: കല്ലാച്ചി ടൗണിലെ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിലെ മത്സ്യമാർക്കറ്റിൽ നിന്നുള്ള മലിനജലം പൊതു ഓടയിലൊഴുക്കാനുള്ള ശ്രമം പിടികൂടി. പുതിയതായി നിർമ്മിക്കുന്ന അഴുക്കുചാലിൻ്റെ വശത്തുള്ള ഭിത്തി തുരന്ന് വിടവിലൂടെ മത്സ്യമാർക്കറ്റിലെ അഴുക്കുചാലിലൂടെ വരുന്ന മലിന ജലം ഒഴുക്കി വിടുന്നതായാണ് കണ്ടെത്തിയത്. പാതി പണി പൂർത്തിയാക്കിയ അഴുക്കുചാലിൽ മലിനജലം കെട്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് നിയമലംഘനം കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് മലിനജലം ഒഴുക്കി വിട്ട നടപടിക്ക് നോട്ടീസ് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.