അപാര വൈഭവം

Tuesday 29 April 2025 12:12 AM IST

35 പന്തുകളിൽ സെഞ്ച്വറിയുമായി 14കാരൻ വൈഭവ് സൂര്യവംശി.

അത്ഭുത വിജയവുമായി

ജയ്പുർ : സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ഇന്നലെ പിറന്നത് ചരിത്രം. ഗുജറാത്തിനെതിരായ ഐ.പി.എൽ മത്സരത്തിൽ വെറും 35 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ച് വൈഭവ് സൂര്യവംശിയെന്ന 13വയസുകാരൻ തോൽവികളുടെ പടുകുഴിയിൽ നിന്ന് രാജസ്ഥാൻ റോയൽസിനെ ഉയിർത്തെണീൽപ്പിച്ചപ്പോൾ ക്രിക്കറ്റ് ലോകം അമ്പരന്നുപോയി. 210 റൺസ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങി ഏഴുഫോറുകളും 11 സിക്സുകളും പറത്തിയ വൈഭവ് 38 പന്തുകളിൽ 101 റൺസടിച്ച് മടങ്ങുമ്പോഴേക്കും രാജസ്ഥാൻ ജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരൻ, ഐ.പി.എല്ലിൽ മൂന്നക്കം കടക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യക്കാരൻ എന്നിങ്ങനെ ഒരുപിടി റെക്കാഡുകൾ തിരുത്തിയാണ് തന്റെ മൂന്നാമത്തെ മാത്രം ഐ.പി.എൽ മത്സരത്തിൽ വൈഭവ് ചരിത്രമെഴുതിയത്. 40 പന്തുകളിൽ 70 റൺസ് നേടി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളും 15 പന്തുകളിൽ 32 റൺസ് നേടിയ റിയാൻ പരാഗും കൂടി കസറിയപ്പോൾ 15.5 ഓവറിലാണ് രാജസ്ഥാൻ എട്ടുവിക്കറ്റ് വിജയം ആഘോഷിച്ചത്.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് എടുത്തത്. പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്ത സഞ്ജു സാംസണെ കൂടാതെയാണ് ഇന്നലെയും രാജസ്ഥാൻ കളത്തിലിറങ്ങിയത്.

ഓപ്പണിംഗിൽ 62 പന്തുകളിൽ നിന്ന് 93 റൺസ് കൂട്ടിച്ചേർത്ത നായകൻ ശുഭ്മാൻ ഗിൽ (50 പന്തുകളിൽ 84 റൺസ്) - സായ് സുദർശൻ (30 പന്തുകളിൽ 39 റൺസ്) സഖ്യമാണ് ഗുജറാത്തിന്റെ കുതിപ്പിന് അടിത്തറയിട്ടത്. തുടക്കം മുതൽ ഗിൽ തകർത്താടുകയായിരുന്നു. പിന്തുണയുമായി സായ് ഒപ്പം കൂടി.11-ാം ഓവറിലാണ് മഹീഷ് തീഷ്ണ സായ്‌യെ പുറത്താക്കി സഖ്യം പൊളിച്ചത്. നാലുഫോറുകളും ഒരു സിക്സും പായിച്ച സായ്‌യെ പരാഗാണ് പിടികൂടിയത്. 456 റൺസുമായി ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് വീണ്ടെടുത്ത ശേഷമാണ് സായ് മടങ്ങിയത്.

പകരം ബട്ട്‌ലർ ക്രീസിലെത്തിയതോടെ ഗുജറാത്ത് ഗർജനം തുടർന്നു. 29 പന്തുകളിൽ സീസണിലെ നാലാം അർദ്ധസെഞ്ച്വറികടന്ന് മുന്നേറിയ ഗിൽ 84ലെത്തിയപ്പോഴാണ് വീണത്. തീഷ്ണയുടെ പന്തിൽ പരാഗാണ് ഗില്ലിനെയും പിടികൂടിയത്. 50 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുകളും ഗുജറാത്ത് നായകൻ പറത്തിയിരുന്നു. തുടർന്ന് വാഷിംഗ്ടൺ സുന്ദർ(13),രാഹുൽ തെവാത്തിയ (9) എന്നിവരുടെ വിക്കറ്റുകൾ കൂടി ഗുജറാത്തിന് നഷ്ടമായി. അവസാന പന്തിലാണ് ബട്ട്‌ലർ അർദ്ധസെഞ്ച്വറി തികച്ചത്.

14

വർഷവും 33ദിവസവുമാണ് ബിഹാറുകാരനായ വൈഭവ് സൂര്യവംശിയുടെ പ്രായം.

3

വൈഭവിന്റെ മൂന്നാമത്തെ മാത്രം ഐ.പി.എൽ മത്സരമായിരുന്നു ഇന്നലത്തേത്.

1.10 കോടി രൂപ

ഐ.പി.എൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില.

ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ.

ഐ.പി.എല്ലിലെ അന്താരാഷ്ട്ര താരങ്ങളിൽ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി.

30 പന്തുകളിൽ സെഞ്ച്വറി തികച്ച ക്രിസ് ഗെയ്ൽ ഒന്നാമൻ.

വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നത് ഏഴ് ഫോറുകളും 11 സിക്സുകളും.

ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

456 റൺസുമായി സായ് സുദർശൻ ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് വീണ്ടെടുത്തു. കഴിഞ്ഞ ദിവസം ആദ്യം സൂര്യകുമാറും പിന്നീട് വിരാട് കൊഹ്‌ലിയും ഓറഞ്ച് ക്യാപ്പ് നേടിയിരുന്നു.