കടൽ പിന്നെയും ബാക്കി; ടി പദ്മനാഭൻ

Tuesday 29 April 2025 1:14 AM IST

ജെ.സി.ഡാനിയേൽ അവാർഡ് സ്വീകരിച്ചതിന്റെ അടുത്ത ദിവസം ഷാജിയെ ഞാൻ ഫോണിൽ വിളിച്ചിരുന്നു. പക്ഷേ എടുക്കാൻ കഴിയാത്ത വിധം മോശമായിരുന്നു ആരോഗ്യ സ്ഥിതി. ഷാജിയുമായുള്ള അടുപ്പത്തെക്കുറിച്ച് വാക്കുകളിൽ വിവരിക്കാനാകില്ല. പണ്ട് തിരുവനന്തപുരത്ത് വരുമ്പോൾ വഴുതാക്കാട്ടെ ഉദാരശിരോമണി റോഡിലെ ഷാജിയുടെ വസതിയിൽ ഞാൻ പോകും. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കും പിന്നീട് നടക്കാനും പോകുമായിരുന്നു..

എന്റെ കടൽ എന്ന കഥ സിനിമയാക്കണമെന്നത് ഷാജിയുടെ ജീവിതാഭിലാഷമായിരുന്നു. പക്ഷേ, എന്തോ ദുർവധി അതിനെ പിടികൂടിയതുപോലെ തോന്നുന്നു.ആ പ്രോജക്ട് ചെയ്യാൻ ഷാജിക്കായില്ല . ജയാബച്ചനോട് ഷാജി കടലിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് കടലിലെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചത്. അമിതാഭ് ബച്ചന്റെ കമ്പനി ആ സിനിമ നിർമ്മിക്കാമെന്നും ഏറ്റു. അന്നൊരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ കണ്ണാടി നോക്കുമ്പോൾ കടലിലെ അമ്മയെ താൻ കാണുന്നുവെന്ന് ജയാബച്ചൻ പറഞ്ഞത് ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ, ബച്ചന്റെ കമ്പനി തകർന്നതോടെ ആ പ്രൊജക്ട് മുടങ്ങി. സ്വന്തം നിലയിൽ ചിത്രം നിർമ്മിക്കാമെന്ന് ജയ പറഞ്ഞു. പക്ഷേ, ഷാജി അത് സമ്മതിച്ചില്ല. അവരിരുവരും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമായിരുന്നു . അന്നവർ ജയഭാദുരിയായിരുന്നു. പിന്നീട് ഷാജിയുടെ സിനിമയിൽ അഭിനയിച്ച ഒരു നടി ഷാജിയെ സമീപിച്ചു. അമ്മയുടെ വേഷം തന്നാൽ നിർമ്മിക്കാമെന്നു പറഞ്ഞു .എഴുത്തുകാരനു മാന്യമായ പ്രതിഫലം കൊടുക്കണമെന്ന് ഷാജി പറഞ്ഞു. പോയി കാണണമെന്നും. അങ്ങനെ കണ്ണൂരിലെ വീട്ടിലെത്തി അവരെന്നെ കണ്ടു. ഒരു ലക്ഷം രൂപ അഡ്വാൻസും തന്നു. അതും നടന്നില്ല. പിന്നീട് കൊൽക്കത്തയിലുള്ളൊരു ടീം എനിക്ക് ഇരട്ടി പ്രതിഫലം തരാമെന്ന് പറഞ്ഞ് അവരോട് അനുമതി ചോദിച്ചു .പക്ഷേ, ആദ്യം അഡ്വാൻസ് തന്ന അവർ വഴങ്ങിയില്ല... ഇന്നലെ കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ചുള്ള കാട്ടാൽ സാഹിത്യ പുരസ്കാരം സ്വീകരിക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആ സങ്കട വാർത്ത അറിഞ്ഞത്. ഈ വേർപാട് ദുഃഖകരമാണ്.