വിശ്രുത പ്രതിഭ : സന്തോഷ് ശിവൻ
ഞാൻ ക്യാമറാ വർക്ക് ചെയ്‌തിട്ടുള്ള സംവിധായകരിൽ എനിക്കേറ്റവും ഇഷ്‌ടപ്പെട്ട സംവിധായകനായിരുന്നു ഞാൻ ഷാജിയേട്ടൻ എന്നു വിളിക്കുന്ന ഷാജി എൻ.കരുൺ. പണ്ടുതൊട്ടെ എനിക്കറിയാം. അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചയാളാണ്. ഞാൻ അവിടെ പഠിക്കാൻ പോകുമ്പോൾ ഷാജിയേട്ടനെ കണ്ട് വിശദമായി സംസാരിച്ചിരുന്നു.
ശരിക്കും ട്രൂ ആർട്ടിസ്റ്റായിരുന്നു . വളരെ ആത്‌മാർത്ഥതയുള്ള, കലാ നൈപുണ്യമുള്ള, നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് വ്യക്‌തമായ അവബോധമുള്ള വ്യക്‌തി. കാനിലൊക്കെ അദ്ദേഹത്തിന്റെ സിനിമകൾ അംഗീകാരം നേടി. ഞാൻ അടുത്തിടെ കാനിൽ പിയർ ആഞ്ചനിയോ പുരസ്‌കാരം സ്വീകരിക്കാൻ പോയപ്പോൾ അവിടെ ഒരുപാടുപേർ ഷാജിയേട്ടനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പുതിയ സിനിമ എടുക്കുന്നില്ലേയെന്നും ചോദിച്ചു. സുഖമില്ലെന്നറിഞ്ഞ് ഞാൻ വിവരങ്ങൾ അന്വേഷിച്ചിരുന്നു. കുഴപ്പമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേരള കൾച്ചറിനെക്കുറിച്ച് ഇത്രയധികം ധാരണയുള്ളവർ അപൂർവമാണ്. വാനപ്രസ്ഥം എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചു. അതൊരു നല്ല അനുഭവമായിരുന്നു. വളരെ വേഗത്തിലായിപ്പോയി ഈ മടക്കം.