നല്ല മനുഷ്യൻ, നല്ല കലാകാരൻ

Tuesday 29 April 2025 1:19 AM IST

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ശേഷം ഞാൻ ഷാജി സാറിന്റെ അസിസ്റ്റന്റാവുകയായിരുന്നു. അരവിന്ദന്റെ പോക്കുവെയിൽ മുതൽ കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലം വരെ ഞാൻ ഷാജി സാറിനൊപ്പം വർക്കുചെയ്‌തു. ഞങ്ങൾ ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ആ അടുപ്പത്തിന്റെ ആഴം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞാൻ സ്വതന്ത്ര സംവിധായകനായതിനു ശേഷമാണ് പഞ്ചവടിപ്പാലത്തിൽ പ്രവർത്തിച്ചത്. സാർ എന്നെ വിളിക്കുകയായിരുന്നു.

എന്റെ ആദ്യ സ്വതന്ത്ര സിനിമ ഷാജി സാറിന്റെ ശുപാർശയിലായിരുന്നു. ലെനിൻ രാജേന്ദ്രന്റെ പ്രേംനസീറിനെ കാൺമാനില്ല, ഷാജി സാർ ചെയ്യാനിരുന്ന ചിത്രമായിരുന്നു. സാറാണ് അത് ഞാൻ ചെയ്യുമെന്ന് ലെനിനോടു പറഞ്ഞത്. എന്നോട് ലെനിനെ വിളിക്കാൻ പറഞ്ഞു.

എന്തു ചെയ്യുന്നതിനെക്കുറിച്ചും ഷാജി സാറിനു കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാം അസിസ്റ്റന്റിനെ ഏൽപ്പിച്ച് മാറി നിൽക്കുന്ന ആളായിരുന്നില്ല. ഛായാഗ്രാഹകനായി അദ്ദേഹം ദീർഘനാൾ പ്രവർത്തിച്ചില്ല. സംവിധായകനാകാനായിരുന്നു താത്പര്യം. ഈയിടെയും ഒരു പ്രമുഖ സംവിധായകൻ പറഞ്ഞു. ഷാജിയല്ലാതെ വേറെ ആരുചെയ്‌താലും ആ ചിത്രം അത്രയും നന്നാകില്ലായിരുന്നുവെന്നു. അതായിരുന്നു ഷാജിസാറിന്റെ ഛായാഗ്രഹണം.

അരവിന്ദേട്ടന്റെ ചിദംബരം മുക്കാലും ഷൂട്ട്ചെയ്‌തത് ഷാജി സാറായിരുന്നു. ഞാനത് പൂർത്തിയാക്കിയെന്നേ ഉള്ളു. സാർ ജെ.സി.ഡാനിയേൽ അവാർഡ് വാങ്ങുന്ന ചിത്രം കണ്ടപ്പോൾ മനസു തകർന്നുപോയി. ആ രീതിയിൽ സാറിനെ കാണുന്നത് സങ്കടകരമായിരുന്നു. നല്ല മനുഷ്യൻ, നല്ല കലാകാരൻ.