ഈ സാലാ കപ്പ് സലായ്ക്ക്
ഐ.പി.എൽ ടീം ആർ.സി.ബിയുടെ ആരാധകർ ഓരോ സീസണിലും ഉയർത്താറുള്ള 'യേ സാലാ,കപ്പ് നാമഡെ"(ഇത്തവണ കപ്പ് നമുക്ക് !) എന്ന മുദ്രാവാക്യം പോലെ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇത്തവണ കിരീടമുയർത്തിയിരിക്കുന്നത് മുഹമ്മദ് സലായുടെ ലിവർപൂളാണ്. സീസണിൽ നാലുമത്സരങ്ങൾ ശേഷിക്കവേയാണ് ലിവർപൂൾ കിരീടം സ്വന്തമാക്കിയത് . കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ 5-1ന് ടോട്ടൻഹാമിനെ അടിച്ചുതകർത്താണ് ലിവർപൂൾ തങ്ങളുടെ രണ്ടാം പ്രിമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
ടോട്ടൻഹാമിന് എതിരായ വിജയത്തോടെ ലിവർപൂളിന് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. ഇപ്പോൾ രണ്ടാമതുള്ള ആഴ്സനലിന് 34 മത്സരങ്ങളിൽ നിന്ന് 67 പോയിന്റേയുള്ളൂ. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ലിവർപൂൾ തോൽക്കുകയും ആഴ്സനൽ ജയിക്കുകയും ചെയ്താലും പോയിന്റ് പട്ടികയിൽ ലിവർപൂളിനെ മറികടക്കാൻകഴിയില്ല.
ഈ സീസണിൽ ഇതുവരെ കളിച്ച 34 മത്സരങ്ങളിൽ 25 വിജയങ്ങൾ നേടിയ മുഹമ്മദ് സലയും സംഘവും ഏഴ് കളികളിൽ സമനില വഴങ്ങി.രണ്ട് തോൽവികൾ മാത്രമാണ് നേരിടേണ്ടിവന്നത്. 80 ഗോളുകൾ അടിച്ചപ്പോൾ 32 എണ്ണം മാത്രമാണ് വാങ്ങിയത്.
ഇത് ഇരുപതാം തവണയാണ് ലിവർപൂൾ ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ കിരീടം നേടുന്നത്. ഇംഗ്ളീഷ് പ്രിമിയർ ലീഗ് എന്ന് പേരുമാറ്റിയശേഷം ആദ്യമായി കിരീടം നേടിയത് 2019-20ലാണ്. ഇത് രണ്ടാം പ്രിമിയർ ലീഗ് കിരീടം.
28 ഗോളുകളുമായി സല
- ഈ സീസണിലെ പ്രിമിയർ ലീഗ് ഗോളടിയിലും അസിസ്റ്റുകളുടെ എണ്ണത്തിലും ഒന്നാമനാണ് ഈജിപ്തുകാരനായ മുഹമ്മദ് സല.
- 28 ഗോളുകൾ നേടിയ സല 18 ഗോളുകൾക്ക് വഴിയൊരുക്കിക്കഴിഞ്ഞു.
- പ്രിമിയർ ലീഗിലെ ഒരു സീസണിലെ സലായുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. 2017/18 സീസണിൽ ചെൽസിയിൽ നിന്ന് ലിവർപൂളിലേക്ക് വന്ന വരവിൽ 32 ഗോളുകൾ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.
- എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി ലിവർപൂളിനായി 243 ഗോളുകൾ നേടുകയും 103 അസിസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.
- ഈ മാസമാദ്യമാണ് സലയുമായുള്ള കരാർ ലിവർപൂൾ രണ്ട് വർഷത്തേക്കുകൂടി നീട്ടിയത്.