നാലാം നാൾ തുറമുഖ കമ്മിഷനിംഗ്; കേരളത്തിന്റെ അടയാളം

Tuesday 29 April 2025 1:37 AM IST

തിരുവനന്തപുരം: നാലാംനാൾ (മേയ് 2) വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമർപ്പിക്കുന്നതോടെ കേരളത്തിന്റെ അടയാളമായി തുറമുഖം മാറും. കേരളത്തിനും ഇന്ത്യയ്ക്കും മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള എല്ലാരാജ്യങ്ങൾക്കും ഗുണകരമാവുന്ന തുറമുഖമാണിത്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകൾക്ക് അനായാസം അടുക്കാം. അയൽരാജ്യങ്ങളിലേക്കടക്കം ചരക്കുമായി ഭീമൻകപ്പലുകൾ ഇനി വിഴിഞ്ഞത്ത് നങ്കൂരമിടാൻ കാത്തുകിടക്കും.

അന്താരാഷ്ട്ര കപ്പൽച്ചാലിലെ തന്ത്രപ്രധാന സ്ഥാനമാണ് വിഴിഞ്ഞത്തിന്റെ മുഖമുദ്ര. കപ്പൽച്ചാലിന് 10 നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം. മുംബയ് 700നോട്ടിക്കൽ മൈലും മുന്ദ്ര 1150 നോട്ടിക്കൽ മൈലും അകലെയാണ്. കപ്പലുകളുടെ വേഗം 20 നോട്ടിക്കൽ മൈലാണെന്നിരിക്കെ, വിഴിഞ്ഞത്തിന് പകരം ഇവിടങ്ങളിലെത്താൻ 50മണിക്കൂറിലേറെ അധികയാത്ര വേണം. അധികച്ചെലവും സമയവും ഇന്ധനച്ചെലവുമൊഴിവാക്കി ഭീമൻകപ്പലുകൾക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാം.

സമയലാഭം കയറ്റുമതിക്ക് ഏറെ ഗുണകരമാവും. കൊച്ചി വഴി അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 60- 65ദിവസവും യൂറോപ്പിലേക്ക് 40 ദിവസവുമെടുക്കുമെങ്കിൽ വിഴിഞ്ഞത്തു നിന്ന് അമേരിക്കയിലേക്ക് 35, യൂറോപ്പിലേക്ക് 22ദിവസവും മതിയാവും. യൂറോപ്പിലേക്കടക്കം നേരിട്ടുള്ള സർവീസുകൾ വിഴിഞ്ഞത്തുനിന്നുണ്ട്. സുഗന്ധവ്യജ്ഞനങ്ങൾ, പഴങ്ങൾ,പച്ചക്കറി, സംസ്കരിച്ച മത്സ്യം, തേൻ,പൂക്കൾ, കാർഷികോത്പ്പന്നങ്ങൾ, കുടുംബശ്രീ ഉത്പ്പന്നങ്ങൾ, എൻജിനിയറിംഗ് ഉത്പ്പന്നങ്ങൾ എന്നിങ്ങനെ കയറ്റുമതിസാദ്ധ്യതകളേറെയുണ്ട്. നിലവിൽ 10ലക്ഷം കണ്ടെയ്നറുകൾക്കുള്ള ശേഷിയുണ്ട്. 2028​ ഡി​സം​ബ​റി​ൽ​ ​അടുത്തഘട്ടങ്ങളാവുന്നതോടെ തു​റ​മു​ഖ​ശേ​ഷി​ ​പ്ര​തി​വ​ർ​ഷം​ 45 ല​ക്ഷം​ ​ക​ണ്ടെ​യ്ന​റു​ക​ളാ​വും.

ലോജിസ്റ്റിക് ഹബാവും

അടുത്തഘട്ടങ്ങൾ 2028ൽ പൂർത്തിയാവുന്നതോടെ തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്ഹബാവും. അപ്പോഴേക്കും പാസഞ്ചർ കാർഗോ ഷിപ്പ്‌മെന്റ് സൗകര്യങ്ങളുമെത്തും. അതോടെ കേരളത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും കവാടമായി വിഴിഞ്ഞം മാറും.

രാജ്യത്തിന്റെ ചരക്കുഗതാഗതത്തിന്റെ ഗേറ്റ്‌വേ ആയി വിഴിഞ്ഞം മാറും. വിഴിഞ്ഞത്തിനൊപ്പം വല്ലാർപാടവും 17 ചെറുകിട തുറമുഖങ്ങളും ചേരുന്നതോടെ കേരളം ദക്ഷിണേഷ്യയിലെ തുറമുഖങ്ങളുടെ നായകനായി മാറും. പൂർണ ലക്ഷ്യം നേടാൻ കരമാർഗ്ഗമുള്ള ചരക്കുകടത്ത് തുടങ്ങണം.

കൊളംബോയേക്കാൾ കേമൻ

കപ്പൽച്ചാലിന് 25നോട്ടിക്കൽ മൈൽ അകലെയാണ് കൊളംബോ. 18 മീറ്ററാണ് പരമാവധി ആഴം. ഡ്രജ്ജിംഗ് വേണ്ടിവരും. സെമി-ഓട്ടോമേറ്റഡാണ്. വിഴിഞ്ഞത്തിന് ദൂരം 10 നോട്ടിക്കൽ മൈൽ. 20 മീറ്റർ സ്വാഭാവിക ആഴം. ഡ്രജ്ജിംഗ് ആവശ്യമില്ല. യൂറോപ്പ്, ഗൾഫ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള തന്ത്രപരമായ സ്ഥാനത്ത്.

കേരളം വളരും

കയറ്റിറക്കുമതി സൗകര്യങ്ങൾ സജ്ജമാക്കി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചാൽ തിരുവനന്തപുരം നഗരസഭയുടെ മൂന്നിരട്ടി മാത്രമുള്ള സിംഗപ്പൂർ, തുറമുഖംകൊണ്ട് വളർന്നതുപോലെ വിഴിഞ്ഞംകൊണ്ട് കേരളവും വളരും.

തുറമുഖത്തോടനുബന്ധിച്ച് ഉത്പാദനശാലകളും ചെറുകിട വ്യവസായ യൂണിറ്റുകളുമുണ്ടായാലേ തൊഴിലവസരങ്ങളേറൂ. അസംസ്കൃതവസ്തുക്കളെത്തിച്ച് ഉത്പാദനം, അസംബ്ലിംഗ്, കയറ്റുമതിയുണ്ടായാൽ സമ്പദ്ഘടനയ്ക്ക് ഗുണമാവും.

വെയർഹൗസ് കോംപ്ലക്സുകൾ, കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനുകൾ, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് യാർഡുകൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ഇന്ധനംനിറയ്ക്കാൻ ബങ്കറിംഗ് സൗകര്യം, റോഡ്-റെയിൽ കണക്ടിവിറ്റി, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവയൊരുക്കണം.

₹2.15ലക്ഷം കോടി

40 വർഷത്തെ കരാർകാലയളവിലെ വരുമാനം.

ഇതിൽ 48,000​കോ​ടി​ ​സംസ്ഥാനത്തിനുകി​ട്ടും.