ഞാങ്കടവ് കുടിവെള്ള പദ്ധതി: പൈപ്പ് സ്ഥാപിക്കാൻ റോഡ് മുറിക്കാൻ അനുമതി
കൊല്ലം: കൊല്ലം കോർപ്പറേഷനിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് പദ്ധതിയുടെ പ്രതിസന്ധി ഒഴിഞ്ഞു. കുണ്ടറ നാന്തിരിക്കൽ മുതൽ ഇളമ്പള്ളൂർ പൊലീസ് സ്റ്റേഷൻ വരെ 170 മീറ്റർ ദേശീയപാതയിൽ റോഡ് മുറിച്ച് കടന്ന് പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗം ഇന്നലെ അനുമതി നൽകി.
കല്ലടയാറ്റിൽ ഞാങ്കടവിൽ നിർമ്മിച്ച കൂറ്റൻ കിണറിൽ നിന്നുള്ള പൈപ്പിടൽ മൂന്നര വർഷം മുമ്പ് ഞാങ്കടവിൽ നിന്ന് ഇളമ്പള്ളൂർ വരെ പൂർത്തിയാക്കിയിരുന്നു. ഇതിൽ പേരയം മുതൽ ഇളമ്പള്ളൂർ പൊലീസ് സ്റ്റേഷൻ വരെ മൂന്ന് കിലോമീറ്റർ ദേശീയപാത കുഴിച്ചാണ് പൈപ്പിട്ടത്. എന്നാൽ ഇളമ്പള്ളൂർ സ്റ്റേഷൻ മുതൽ നാന്തിരിക്കൽ വരെയുള്ള ഒരു കിലോ മീറ്റർ ദൂരത്തെ പൈപ്പിടൽ റോഡ് വെട്ടിക്കുഴിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ മന്ത്രിതലത്തിൽ വരെ ചർച്ച നടത്തിയെങ്കിലും മോർത്ത് വഴങ്ങിയില്ല. അടുത്തിടെ കളക്ടർ കർശനമായി ഇടപെട്ടതോടെയാണ് പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗം അനുമതിക്കുള്ള നടപടികൾ വേഗത്തിലാക്കിയത്. 1.28 ലക്ഷം രൂപ ലൈസൻസ് ഫീസായി അടയ്ക്കണം, റോഡ് പൂർവസ്ഥിതിയിലാക്കണം എന്നീ വ്യവസ്ഥകളോടെയാണ് അനുമതി.