തിരുവനന്തപുരം നോർത്ത് - മംഗലാപുരം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ

Tuesday 29 April 2025 1:06 AM IST

കുന്നത്തൂർ: വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം ജംഗ്ഷൻ വരെ കോട്ടയം വഴി 16 ജനറൽ കോച്ചുകളുള്ള വീക്കിലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. നിലവിൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്‌പ്രസിന്റെ കോച്ചുകളാണ് ഒഴിവ് ദിവസങ്ങളിൽ കോട്ടയം വഴി സർവീസിനായി ഉപയോഗിക്കുന്നത്. ട്രെയിനിലെ മുഴുവൻ കോച്ചുകളും ജനറൽ കമ്പാർട്ട്മെന്റുകളാണ്. നിലവിലെ ഷെഡ്യൂൾ പ്രകാരം തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ 6.50ന് മംഗലാപുരം ജംഗ്ഷനിൽ എത്തും. തിരിച്ചുള്ള സർവീസ് ചൊവ്വാഴ്ച വൈകിട്ട് 6ന് ആരംഭിച്ച് ബുധനാഴ്ച പുലർച്ചെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മാവേലിക്കര മണ്ഡലത്തിലെ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.