ആശമാർക്ക് സിവിൽ സൊസൈറ്റി 1000 രൂപ വീതം നൽകും:സാറാ ജോസഫ്
Tuesday 29 April 2025 1:18 AM IST
തൃശൂർ: ആശമാർക്ക് ഓണറേറിയം വർദ്ധിപ്പിക്കുന്നതുവരെ സിവിൽ സൊസൈറ്റി സമൂഹത്തിന്റെ ഓണറേറിയമെന്ന നിലയിൽ 1000 രൂപ വീതം നൽകുമെന്ന് സാറാ ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന നിലയിലാണ് സഹായം നൽകുന്നത്. തൃശൂർ ജില്ലയിലാണ് തുടക്കം കുറിക്കുന്നതെങ്കിലും സമാന ചിന്താഗതിക്കാർ മറ്റ് ജില്ലകളിലും ഇത് നടപ്പാക്കും. മേയ് ഒന്നിന് വൈകിട്ട് നാലിന് തൃശൂർ പബ്ലിക് ലൈബ്രറി ഹാളിൽ സാറാ ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യും. എല്ലാവരും ഓരോ ആശമാരെ ഏറ്റെടുത്ത് അവർക്ക് മാസം തോറും ആയിരം രൂപ കൈമാറുകയാണ് ലക്ഷ്യം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഓണറേറിയം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.സിവിൽ സൊസൈറ്റി ചെയർമാൻ എം.പി.സുരേന്ദ്രൻ,കെ.അരവിന്ദാക്ഷൻ,ഡോ. കെ.ഗോപിനാഥൻ,പ്രൊഫ. കുസുമം ജോസഫ് എന്നിവർ പങ്കെടുത്തു.