ഏലക്കയിൽ കീടനാശിനി: ശബരിമലയിൽ നഷ്ടം 9 കോടി

Tuesday 29 April 2025 2:20 AM IST

പത്തനംതിട്ട: കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ ശബരിമലയിൽ വിൽക്കാൻ കഴിയാത്തതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനുണ്ടായ നഷ്ടം ഒൻപത് കോടി. 2021-22 കാലയളവിലാണ് ഇത് കണ്ടെത്തിയത്. 6.65 ലക്ഷം ടിൻ അരവണ വിൽക്കാതെ മാറ്റിവച്ചതിലൂടെ 6.65 കോടിയുടെ നഷ്ടം. പഴകിയ അരവണ ശബരിമലയിൽ നിന്ന് പുറത്തെത്തിച്ച് നശിപ്പിക്കുന്നതിന് അധികമായി ചെലവിട്ടത് 1.16കോടി. അരവണ കണ്ടെയ്നർ, അരവണ നിർമ്മാണത്തിന് വാങ്ങിയ മറ്റ് സാധനങ്ങൾ, കോടതി വ്യവഹാരത്തിന് ചെലവഴിച്ച തുക എന്നിവയടക്കമാണ് ഒൻപതുകോടിയുടെ നഷ്ടം. എന്നാൽ, ഔദ്യോഗികമായി നഷ്ടക്കണക്ക് ബോർഡ് പുറത്തുവിട്ടിട്ടില്ല.

അന്ന് സ്വകാര്യ വ്യക്തിയിൽ നിന്ന് കിലോയ്ക്ക് 1600 രൂപയ്ക്കാണ് ഏലക്ക വാങ്ങിയിരുന്നത്. വിവാദത്തെത്തുടർന്ന് സ്വകാര്യ വ്യക്തിയെ ഒഴിവാക്കി

വനംവകുപ്പ്, റെബ്‌കോ എന്നിവിടങ്ങളിൽ നിന്ന് ജൈവ ഏലക്ക കുറച്ച് വാങ്ങി. കിലോയ്ക്ക് വില 4000- 6000 രൂപ. പരിശോധനയിൽ ഇതിനും ഗ്രേഡും ഗുണനിലവാരവും കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒഴിവാക്കി. ടെൻഡറിലൂടെ ഏലക്കാസൊസൈറ്റികളിൽ നിന്ന് നേരിട്ട് വാങ്ങാനാണ് ബോർഡിന്റെ പുതിയ തീരുമാനം.

20 ടൺ

ശബരിമലയിൽ ഒരു

വർഷംവേണ്ട ഏലക്ക

44.920 കിലോ

അരവണയിൽ ചേർത്ത

കീടനാശിനി കലർന്ന ഏലക്ക

''ടെൻഡർ നടപടികളിലൂടെ ഏലക്കാ സൊസൈറ്റികളിൽ നിന്ന് ശബരിമലയ്ക്ക് ആവശ്യമായത് വാങ്ങാനാണ് ശ്രമിക്കുന്നത്

-എ. അജികുമാർ, മെമ്പർ

തിരു. ദേവസ്വം ബോർഡ്‌