തലച്ചോറിനെ ബാധിച്ചാൽ വാക്‌സിനും തുണയ്ക്കില്ല

Tuesday 29 April 2025 4:18 AM IST

തിരുവനന്തപുരം: പേവിഷബാധയിൽ നിന്ന് രക്ഷപ്പെടാൻ ആന്റിറാബീസ് വാക്‌സിൻ ഫലപ്രദമാണെങ്കിലും വൈറസ് തലച്ചോറിലെത്തിയാൽ പ്രതിരോധിക്കാനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധനും ഐ.എം.എ റിസർച്ച് സെൽ കൺവീനറുമായ ഡോ.രാജീവ് ജയദേവൻ. പേവിഷബാധയുള്ള നായ, പൂച്ച എന്നിവയുടെ കടിയോ പോറലോ ഏറ്റാൽ മുറിവിലൂടെയാണ് വൈറസ് മനുഷ്യശരീരത്തിലേക്ക് എത്തുന്നത്. ഇത് നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തും.

വൈറസ് തലച്ചോറിലെത്തുന്നതിന് മുമ്പ് ആന്റിറാബിസ് വാക്‌സിൻ എടുത്താൽ മാത്രമേ ഫലപ്രദമാകൂ. തലച്ചോറിലെത്തിയാൽ വാക്സിനും രക്ഷിക്കാനാകില്ല. ശരീരത്തിൽ നാഡികൾ കൂടുതലുള്ള വിരൽ തുമ്പുകൾ, കഴുത്ത്, മുഖഭാഗങ്ങൾ എന്നിവിടങ്ങളിൽ കടിയേറ്റാൽ അതിവേഗം വൈറസ് തലച്ചോറിലെത്തും. ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ കടിയേറ്റാൽ വൈറസ് തലച്ചോറിലെത്താൻ കുറച്ച് സമയമെടുക്കും. ഈഘട്ടത്തിൽ വാക്സിൻ ഫലപ്രദമാകും.

കുട്ടികൾ നായയുടെ ആക്രമണത്തിന് ഇരയായാൽ പെട്ടെന്ന് നിലത്തുവീഴും അതിനാൽ മുറിവുകൾ ഏറെയും മുഖത്തായിരിക്കും. മുതിർന്നവരാണെങ്കിൽ കൈവീശി തടുക്കും. ഈ സമയം വിരൽതുമ്പുകളിൽ മാരകമായി മുറിവേൽക്കും. ഇതും അപകടസാദ്ധ്യത വർദ്ധിപ്പിക്കും. നായയുടെയോ പൂച്ചയുടെയോ കടിയോ പോറലോ ഏറ്റാൽ 15മിനിട്ടോളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ആശുപത്രിയിലെത്തിയാൽ ചെറിയ മുറിവുകൾ ഉൾപ്പെടെ കാണിച്ച് ചികിത്സ തേടണം.