മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കൂടാരം : ചെന്നിത്തല
Tuesday 29 April 2025 4:26 AM IST
തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെ ഉടൻ മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായിരുന്നു. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ കേരളത്തിലെ വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നു തെളിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ അവലോകന യോഗത്തിൽ ഭാര്യയെയും മകളേയും കൊച്ചുമകനെയും ഒപ്പമിരുത്തിയ മുഖ്യമന്ത്രിയുടെ നടപടി അപമാനകരമാണ്. ഗുരുതര അഴിമതി ആരോപണത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട പ്രതിയാണ് വീണാ വിജയൻ. അത്തരമൊരാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ അവലോകന യോഗത്തിൽ എങ്ങനെ പങ്കെടുപ്പിക്കാനാവുമെന്നും ചെന്നിത്തല ചോദിച്ചു.