ശ്രീമതിക്ക് സെക്രട്ടേറിയറ്റിൽ പങ്കെടുക്കാം: കെ.കെ. ശൈലജ 

Tuesday 29 April 2025 4:30 AM IST

കണ്ണൂർ: സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ പറഞ്ഞു. പുതിയ ആളുകളെ ഉൾക്കൊള്ളാനാണ് പാർട്ടിയിൽ പ്രായപരിധി നിശ്ചയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം പ്രവർത്തിക്കുന്നതുപോലെ കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതിക്ക് പ്രവർത്തിക്കാനാവില്ല.

മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ കേന്ദ്രത്തിൽ നിന്നുകൊണ്ട് എല്ലാ മേഖലയിലും പ്രവർത്തിക്കുകയാണ് ശ്രീമതിയുടെ ഉത്തരവാദിത്വം. അതിനാലാണ് കേന്ദ്ര കമ്മിറ്റി അംഗമായി നിശ്ചയിച്ചത്.
75 വയസ് കഴിഞ്ഞവർ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാകുന്ന രീതി ഇപ്പോഴുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും പ്രായപരിധി കാരണം പി.കെ. ശ്രീമതി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട എ.കെ. ബാലനടക്കമുള്ളവർ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുണ്ടെന്നും ശൈലജ പറഞ്ഞു.