കോടികളുടെ ഭൂമി നിസ്സാരവിലയ്ക്ക് മറിച്ചുവിറ്റ് കെ.എസ്.ഇ.ബി
തിരുവനന്തപുരം:കോടതി ഉത്തരവ് പ്രകാരം കെ.എസ്.ഇ.ബി.ഏറ്റെടുത്ത കോടികൾ വിലയുള്ള ഭൂമി നിസ്സാരവിലയ്ക്ക് രഹസ്യമായി കെ.എസ്.ഇ.ബി മറിച്ചുവിറ്റു.
തിരുവനന്തപുരം നഗരത്തിൽ റിസർവ് ബാങ്കിനടുത്തുളള 30 സെന്റ് ഭൂമിയാണ് രഹസ്യമായി മറിച്ചുകൊടുത്തത്. ഇതിന് കേവലം 3.74കോടിയാണ് വാങ്ങിയത്. സർക്കാർ നിശ്ചയിച്ച വില തന്നെ സെന്റിന് അൻപത് ലക്ഷത്തോളമുണ്ട്.
ഭൂമി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നാണ് ചട്ടം. സർക്കാരിനെ അറിയിക്കാതെയും ,ഡയറക്ടർ ബോർഡ് ഉത്തരവിൽ സർവ്വേനമ്പറും ഭൂമിയുടെ വിസ്തൃതിയും സൂചിപ്പിക്കാതെയും ഗോപ്യമായാണ് സ്ഥലം മറിച്ചുവിൽപനയ്ക്ക് അനുമതി നൽകി കെ.എസ്.ഇ.ബി.ഉത്തരവിറക്കിയത്.
ഈ ഭൂമി കെ.എസ്.ഇ.ബി.ക്ക് കിട്ടാനുള്ള 6.42കോടിരൂപ ഈടാക്കാനായി 1994ലെ കോടതി വിധിയനുസരിച്ചാണ് ഏറ്റെടുത്തത്. അതിന് ശേഷമുള്ള പലിശയും മറ്റ് ചെലവുകളുമടക്കം കെ.എസ്.ഇ.ബി.ക്ക് പത്തുകോടിയോളം രൂപ കിട്ടേണ്ടതാണ്. അതുപോലും ഈടാക്കാതെയാണ് സ്വകാര്യവ്യക്തികൾക്ക് മറിച്ചുവിറ്റത്.
പത്തനംതിട്ടയിലെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ കരാർ ഏറ്റെടുത്ത ജി.ഗോപിനാഥ് എന്ന കോൺട്രാക്ടറുടേയായിരുന്നു ഈ ഭൂമി.1980ൽ കെ.എസ്.ഇ.ബി.യിൽ നിന്ന് 39ലക്ഷം രൂപ കക്കാട് പദ്ധതിക്കായി മുൻകൂർ കൈപ്പറ്റിയ ഗോപിനാഥ് 1981ൽ കരാറിൽ നിന്ന് പിൻമാറി. നിർമ്മാണത്തിനായി കേവലം 10ലക്ഷം രൂപയാണ് ചെലവാക്കിയതെന്നും ബാക്കി 29ലക്ഷം രൂപ തിരിച്ചുനൽകണമെന്നും കെ.എസ്.ഇ.ബി.ആവശ്യപ്പെട്ടു.എന്നാൽ ഗോപിനാഥ് വഴങ്ങിയില്ല.തുടർന്ന് നടന്ന നിയമനടപടിയിൽ ഗോപിനാഥ് കെ.എസ്.ഇ.ബി.ക്ക് 6.42കോടിരൂപ നൽകണമെന്ന് 1994ൽ ഹൈക്കോടതി വിധിച്ചു.ഈ നടപടിയുടെ ഭാഗമായാണ് ഗോപിനാഥിന്റെ തിരുവനന്തപുരം നഗരത്തിലെ 30സെന്റ് വസ്തു അന്ന് കെ.എസ്.ഇ.ബി.ജപ്തി നടത്തി ഏറ്റെടുത്തത്.ഇതിനെതിരെ ഗോപിനാഥ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കെ.എസ്.ഇ.ബി.ക്ക് അനുകൂലമായിരുന്നു.ഇതിനിടയിൽ ഗോപിനാഥ് മരണമടഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ശബരിഗിരി പദ്ധതിയുടെ വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം മൂഴിയാർ ഡാമിൽ സംഭരിച്ചുനിർത്തി ഭൂഗർഭ തുരങ്കത്തിലൂടെ സീതത്തോട്ടിലെത്തിച്ചാണ് കക്കാട് പവർഹൗസിൽ വൈദ്യുതി ഉത്പാദനം നടത്തുന്നത്. 1999ലാണ് കമ്മിഷൻ ചെയ്തത്.