തുറമുഖ കമ്മിഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; വിഴിഞ്ഞത്തെ യോഗത്തിൽ മുഖ്യമന്ത്രിയുടെ കുടുംബം പങ്കെടുത്തതിൽ വിമർശനം

Tuesday 29 April 2025 11:01 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മിഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. നാലാം വർഷികാഘോഷത്തിന്റെ ഭാഗമാണ് കമ്മിഷനിംഗെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ തുറമുഖ കമ്മിഷനിംഗ് എങ്ങനെ വാർഷിക പരിപാടിയാകുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

സർക്കാരിന്റെ വാർഷിക പരിപാടിക്കാണോ പ്രധാനമന്ത്രി വരുന്നതെന്ന് എം വിൻസെന്റ് എം എൽ എ ചോദിച്ചു. കൂടാതെ വിഴിഞ്ഞത് നടന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തതിനെ കോൺഗ്രസ് വിമർശിക്കുന്നുണ്ട്.

മേയ് രണ്ടിനാണ് പ്രധാനമന്ത്രി തുറമുഖ കമ്മിഷനിംഗിന് എത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് സുരക്ഷാ പരിശോധനകൾക്കായി എസ് പി ജി സംഘമെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഇന്നലെ രാവിലെയാണ് സംഘം വിഴിഞ്ഞത്തെത്തിയത്. പ്രധാനമന്ത്രിക്കായി തുറമുഖത്തിനകത്ത് പോർട്ട് ഓഫീസിനോടു ചേർന്ന് ഹെലിപാഡ് ഒരുക്കും. തുറമുഖത്ത് തയ്യാറാക്കുന്ന വേദിയിലും ഹെലിപാഡ് നിർമ്മാണ സ്ഥലത്തും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരടങ്ങിയ എസ്‌പിജി സംഘം സന്ദർശിച്ച് സുരക്ഷാനിർദ്ദേശങ്ങൾ നൽകി. 30ന് സുരക്ഷാ ക്രമീകരണങ്ങളുടെ ട്രയൽ റൺ നടത്തും.

മേയ് ഒന്നിന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങും. രണ്ടിന് രാവിലെ ഹെലികോപ്ടറിൽ വിഴിഞ്ഞത്ത് എത്തും. പോർട്ട് ഓപ്പറേഷൻ മന്ദിരം സന്ദർശിക്കും. ഇവിടെ നിന്ന് ക്രെയിനുകളുടെ നിയന്ത്രണമടക്കം തുറമുഖ ബർത്തിന്റെ പ്രവർത്തനം വീക്ഷിച്ചശേഷം ഉദ്ഘാടന പന്തലിലെത്തും. തുറമുഖത്തിന്റെ പ്രധാന കവാടത്തിനു സമീപം കൂറ്റൻ പന്തലാണ് ഒരുക്കുന്നത്. രണ്ട് വരിയായി തയ്യാറാക്കുന്ന കൂറ്റൻ പന്തലിൽ പതിനായിരത്തോളം പേർക്ക് ഇരിക്കാം. എൽഇഡി ഡിസ്‌പ്ലേയിലൂടെയും ഉദ്ഘാടനച്ചടങ്ങ് വേദിയിലെത്തുന്നവർക്ക് വീക്ഷിക്കാനാകും.