വീടും ഭിത്തിയും അശ്വിന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു; കലാവിരുത് ഇപ്പോൾ സ്‌കൂളിൽ
തിരുവല്ല: അവധിക്കാലത്ത് മുത്തൂർ ആരുണാപുരത്തു വീടിന്റെ ഭിത്തിയാകെ അശ്വിൻ വരച്ച നിറപ്പകിട്ടാർന്ന ചിത്രങ്ങളെ കൊണ്ടു നിറഞ്ഞു. വരയ്ക്കാൻ ഇടമില്ലാതെ വന്നതോടെ വീടിന്റെ മതിലും ഈ കലാകാരന്റെ ചിത്രങ്ങൾ കൈയേറി.
അശ്വിന്റെ കരവിരുത് ഇപ്പോൾ സ്വന്തം സ്കൂളിലേക്കായി. കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. സ്കൂൾ ഭിത്തിയിൽ മനോഹരമായ കലാരൂപങ്ങൾ വരയ്ക്കാൻ പ്രചോദനം നൽകിയത് പ്രധാന അദ്ധ്യാപിക എസ് ലതയാണ്. വെൽഡിംഗ് ജീവനക്കാരൻ അഭിലാഷിന്റയും ശ്രീജയുടെയും മകനായ അശ്വിന്റെ ചിത്രംവരയിലെ കമ്പം തിരിച്ചറിഞ്ഞത് കൊവിഡ് കാലത്താണ്.
യൂട്യൂബിൽ നോക്കിയാണ് പടം വരയ്ക്കാൻ ആവശ്യമായ ചായങ്ങൾ തിരഞ്ഞടുക്കുന്നത്. ഓയിൽ, അക്രലിക് പെയിന്റ്റുകളാണ് അധികവും ഉപയോഗിക്കുക. കഴിഞ്ഞവർഷം സ്കൂൾ കലോത്സവത്തിന് ജില്ലാ തലത്തിൽ ചിത്രം വരയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന അനുജത്തി അക്ഷരയും ചേട്ടനെ കണ്ട് ബുക്കിൽ പടം വര തുടങ്ങിക്കഴിഞ്ഞു. ചിത്രകാരന്റെ കീഴിൽ കൂടുതൽ പരിശീലനം നൽകാനുള്ള ആഗ്രഹത്തിലാണ് കുടുംബം.