"ഞാൻ വേടനൊപ്പം, പാട്ടുകേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് ഇപ്പോൾ ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു"

Tuesday 29 April 2025 11:47 AM IST

ഇന്നലെയാണ് കഞ്ചാവുമായി റാപ്പർ വേടൻ (ഹിരൺദാസ് മുരളി-30) അറസ്റ്റിലായത്. അതിനുപിന്നാലെ വേടനെ വിമർശിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വേടന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ലാലി.

താൻ വേടനൊപ്പമാണെന്നും പാട്ടുകേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് ഇപ്പോൾ ആർത്തട്ടഹസിക്കുന്നതെന്നും ലാലി അഭിപ്രായപ്പെട്ടു. തല പോകുന്ന തെറ്റൊന്നുമല്ല വേടൻ ചെയ്തത്, കൂടുതൽ തെളിമയോടെ ആ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണമെന്നും ലാലി ഫേസ്‌ബുക്കിൽ കുറിച്ചു.

ലാലിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

"ഞാൻ വേടനൊപ്പമാണ്. ആ 5 ഗ്രാം കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ പാടിയ പതിനായിരം ടൺ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്.

തീർച്ചയായും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു.

തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതൽ തെളിമയോടെ നിന്റെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണം."- എന്നാണ് ലാലി കുറിച്ചത്.

മയക്കുമരുന്ന് ചെകുത്താനാണെന്നും ഉപയോഗിക്കരുതെന്നും സംഗീതനിശകളിൽ ഉപദേശിച്ചിരുന്ന കലാകാരനാണ് വേടൻ. ഫ്ലാറ്റിൽനിന്ന് പിടിച്ചത് ആറുഗ്രാം കഞ്ചാവായതിനാൽ ജാമ്യം ലഭിച്ചെങ്കിലും, മാലയിലെ ലോക്കറ്റായി പുലിപ്പല്ല് ഉപയോഗിച്ച കേസിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലായി. ജാമ്യമില്ലാ കുറ്റമാണ്. കോടനാട് ഫോറസ്റ്റ് റേഞ്ചറുടെ കീഴിലുള്ള മേക്കപ്പാറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പുലിപ്പല്ല് ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും.