എസ്‌എസ്‌എൽസി പരീക്ഷാ ഫലം മേയ് ഒമ്പതിന്; നടപടികൾ പൂർത്തിയായി

Tuesday 29 April 2025 12:59 PM IST

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം മേയ് ഒമ്പത് വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26നാണ് അവസാനിച്ചത്.

സംസ്ഥാനത്താകെ 2964ഉം, ലക്ഷദ്വീപിൽ ഒമ്പതും, ഗൾഫ്‌ മേഖലയിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇവരിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും.

ഏപ്രിൽ മൂന്ന് മുതൽ 26വരെ 72 കേന്ദ്രങ്ങളിൽ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നത്. മാർക്ക് എൻട്രി നടപടികളും പൂർത്തീകരിച്ചു. മേയ് ഒമ്പതിന് ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുവെന്നും മന്ത്രി പറഞ്ഞു.