'മോദി കേരളത്തില്‍ എത്തുന്നത് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍'; പരിഹസിച്ച് ചെന്നിത്തല

Tuesday 29 April 2025 6:34 PM IST

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വര്‍ഷികത്തിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല. ആഘോഷത്തിന് ചെലവഴിക്കുന്ന 100 കോടിയിലധികം രൂപ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വീതിച്ചു നല്‍കുകയാണ്. പാവപ്പെട്ട ആശാ വര്‍ക്കര്‍മാര്‍ക്ക് ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചു നല്‍കാത്ത സര്‍ക്കാരാണ് ധൂര്‍ത്താഘോഷം നടത്തുന്നത്.

വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് മുഖ്യമന്ത്രിയുടെ അല്‍പ്പത്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി.

പദ്ധതിയെ എതിര്‍ത്ത അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയനെന്നും മറക്കരുത്. വനിതാ നേതാവായ പി കെ ശ്രീമതിയെപ്പോലും കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി പാര്‍ട്ടിയില്‍ ഏകാധിപത്യം നടത്തുന്നത് പോലെ ഭരണരംഗത്തും ഏകാധിപത്യം പുലര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ പോലെ കെ എം എബ്രഹാമും അഴിമതിക്ക് ജയിലഴിയിലാകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ മാറി നില്‍ക്കാനാവുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പിണറായി സര്‍ക്കാതിന്റെ നാലാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.