'മാൾ ഒഫ് മസ്‌കത്ത്' നടത്തിപ്പ് ലുലു ഗ്രൂപ്പിന്

Wednesday 30 April 2025 12:31 AM IST

കൊച്ചി: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ 'മാൾ ഒഫ് മസ്‌കത്ത്' നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് കൈമാറി. ഇതിനായി ദീർഘകാല കരാറിൽ ലുലുവും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും ധാരണയായി. ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദും തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൾ അസീസ് അൽ മഹ്‌റൂഖിയുമാണ് കരാറിൽ ഒപ്പ് വെച്ചത്.

രണ്ട് ദിവസമായി മസ്‌കത്തിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്.

രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാൽ) മുതൽ മുടക്കിൽ നിർമ്മിച്ച വ്യാപാര സമുച്ചയമാണിത്. ഇരുപത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ ഒഫ് മസ്‌കത്തിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുണ്ട്.