ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ പാരഡൈസ് പബ്ലിക് സ്കൂൾ

Wednesday 30 April 2025 12:32 AM IST

വർക്കല: വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ സയൻസ് വിഷയങ്ങൾ പഠിക്കുന്നതിനൊപ്പം പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും വർക്കല പാരഡൈസ് പബ്ലിക് സ്കൂളിൽ അവസരമൊരുങ്ങുന്നു. ശാസ്ത്ര അറിവുകൾ റിയൽ എക്സ്‌പെരിമെന്റുകളിലൂടെ മനസിലാക്കാൻ സ്കൂൾ ക്യാംപസിൽ സംവിധാനമൊരുക്കുകയാണ് ‌ടാൽറോപ്പ്. വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ ടാൽറോപിന്റെ ഇൻവെന്റർ പാർക്കിന്റെ നിർമ്മാണം ആരംഭിച്ചു. കേരളത്തിൽ നിന്നും ആഗോള കമ്പനികൾ വളർത്താനായി അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിലാണ് പുതിയ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലെയും തിരഞ്ഞെടുത്ത സ്കൂളുകളിൽ 140 ഇൻവെന്റർ പാർക്കുകളാണ് ടാൽറോപ് ഒരുക്കുന്നത്.

സ്കൂൾ പഠനത്തിന് സമാന്തരമായി ശാസ്ത്ര സാങ്കേതിക പഠനത്തിനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിലൂടെ കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കാൻ പാരഡൈസ് സ്കൂളിന് കഴിയുമെന്ന് ചെയർമാൻ അഡ്വ. ഡോ. നജീത് പറഞ്ഞു. ടാൽറോപിന്റെ ഇൻവെന്റർ പാർക്ക് ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം ചെയർമാൻ അഡ്വ. ഡോ. നജീത്, ടാൽറോപ് കോ-ഫൗണ്ടർ ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ അനസ് അബ്ദുൽ ഗഫൂർ എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഷാലി, വൈസ് പ്രിൻസിപ്പൽ അജിമി, ടാൽറോപ് സെയിൽസ് വൈസ് പ്രസിഡന്റ്‌ അൽ ആമീൻ കെ, ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ എം. മുഹമ്മദ്‌ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.