വാഹന കാലാവധി തീർന്നു: ഇ.എസ്.ഐ ഡിസ്പൻസറികളിൽ  മരുന്ന് വിതരണം അവതാളത്തിൽ

Wednesday 30 April 2025 12:39 AM IST
മാങ്കാവ് ഓഫീസിൽ നിന്നും ചക്കോരത്തുകുളം ഇ.എസ്.ഐ ഡിസ്പെൻസറിയിലേക്ക് സ്വകാര്യ വാഹനത്തിൽ ജീവനക്കാർ മരുന്ന് കൊണ്ടുപോകുന്നു.

കോഴിക്കോട്: വാഹനത്തിൻ്റെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇ.എസ്.ഐ ഡിസ്പൻസറികളിൽ മരുന്നുവിതരണം അവതാളത്തിലായി. പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിലാണ് പ്രശ്നം. കോഴിക്കോട്ട് 12 ഇ.എസ്.ഐ ഡിസ്പെൻസറികളിലും പ്രശ്നം ഗുരുതരമാണ്. ഒരു ജില്ലയിൽ പത്തിലധികം ഡിസ്പൻസറികളുണ്ടാകും.

മരുന്ന് വിതരണത്തിന് ഉത്തരമേഖല ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് നോർത്ത് സോൺ ഉപയോഗിച്ചിരുന്ന ഡീസൽ വാഹനത്തിൻ്റെ രജിസ്ട്രേഷൻ കാലാവധിയാണ് അവസാനിച്ചത്. രജിസ്ട്രേഷൻ പുതുക്കാൻ നടപടിയെടുക്കണമെന്ന് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. മരുന്നു വിതരണത്തിന് പകരം സംവിധാനവും ഏർപ്പെടുത്തിയില്ല. ഇതേ തുടർന്ന് ദിവസം നൂറുകണക്കിന് രോഗികളാണ് ദുരിതമനുഭവിക്കുന്നത്. ഇ.എസ്.ഐ ഡിസ്പൻസറികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് പണം നൽകി വാങ്ങിയാലും റീം എംബേഴ്സ്മെൻ്റിൽ ചെലവായ മുഴുവൻ തുകയും ലഭിക്കാറില്ല. നിലവിൽ ജില്ലയിലെയും മറ്റും ഡിസ്പൻസറികളിലെ ഫാർമസിസ്റ്റ് അടക്കമുള്ള ജീവനക്കാർ ഒത്തു ചേർന്ന് പണം സ്വരൂപിച്ച് സ്വകാര്യ വാഹനങ്ങളിൽ എത്തിക്കുന്ന മരുന്നാണ് വിതരണം ചെയ്യുന്നത്.

ജീവനക്കാരും കുറവ്

തൊഴിൽ വകുപ്പിനു കീഴിൽ കോഴിക്കോട് മാങ്കാവിലാണ് ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ഉത്തരമേഖല ഓഫീസുള്ളത്. മരുന്ന് തരംതിരിച്ച് അയക്കാൻ ഇവിടെ ജീവനക്കാർ കുറവാണ്. വാഹന വാടക കൊടുക്കാമെന്ന് ഡയറക്ടറേറ്റ് വാക്കാൽ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലത്രെ. ഡിസ്പെൻസറികളിൽ മരുന്നില്ലാത്തതിൻ്റെ പേരിൽ ജീവനക്കാർക്ക് രോഗികളുടെ ശകാരം കേൾക്കേണ്ടി വരുന്നു.

മരുന്ന് വിതരണം ഉടനടി പുന:സ്ഥാപിക്കണം. ഇക്കാര്യമുന്നയിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്

സതീഷ് പാറന്നൂർ ചെയർമാൻ, പൗരാവകാശ സംരക്ഷണ സമിതി