പരിമിതികളുടെ നടുവിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി

Wednesday 30 April 2025 12:54 AM IST
കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ബാഹുല്യം ആശുപത്രി പ്രവർത്തനത്തെ വീർപ്പ്മുട്ടിക്കുന്നു. ഒ.പി യിൽ ദിനംപ്രതി 2000 വും ജീവിതശൈലി രോഗ വിഭാഗത്തിൽ 200 ഉം രോഗികളുമാണ് ഇവിടെയെത്തുന്നത്. 23 ഡോക്ടർമാരും 33 നഴ്സുമാരും അനുബന്ധ ജീവനക്കാരുമുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഒ.പിയിൽ 40 രോഗികളെ പരിശോധിക്കുന്നതിന് പകരം 200ലധികം പേരെ പരിശോധിക്കാൻ ഡോക്ടർമാർ നിർബന്ധിതരാവുകയാണ്. അത്യാഹിതവിഭാഗത്തിൽ 400 ഓളം രോഗികളാണ് എത്തുന്നത്. ഇതിനിടയിൽ എത്തുന്ന അത്യാഹിത കേസുകൾ നോക്കാൻ ഡ്യൂട്ടി ഡോക്ടർക്ക് കഴിയാത്ത അവസ്ഥയാണ്.

പാർക്കിംഗ് ഇല്ല; സ്‌കാനിംഗും

താലൂക്ക് ആശുപത്രി നേരിടുന്ന മറ്റൊര് വിഷയം പാർക്കിംഗ് സൗകര്യം ഇല്ലാത്തതാണ്. രോഗികളെ ആശുപത്രിയിലിറക്കി ദേശീയപാതയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ആശുപത്രിയിലെ സ്‌കാനിംഗ് നിലച്ചിരിക്കയാണ്. എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്.

പ്രസവവാർഡ് അടഞ്ഞു തന്നെ

ജില്ലയിൽ പ്രസവവാർഡ് അനുവദിച്ച താലൂക്ക് ആശുപത്രികളിലൊന്നാണിത്. ഭൗതികസാഹചര്യങ്ങൾ ഒരുക്കി വെച്ചിട്ട് ഒരു വർഷമായി. എന്നാൽ ഗൈനക്കോളജി, പീഡിയാട്രിഷ്യൻ തസ്തികകളിൽ ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതിനാൽ ഇവിടെ പ്രസവം നടക്കാറില്ല. നിയമനം നടത്താൻ സാങ്കേതികമായി കഴിയില്ലെങ്കിലും അതിനായുള്ള ശ്രമത്തിലാണ് അധികൃതർ.

പ്രസവവാർഡ് 24 മണിക്കൂർ പ്രവർത്തിക്കണമെങ്കിൽ ഏഴ് ഗൈനക്കോളജി, അഞ്ച് പീഡിയാട്രീഷ്യൻ എന്നിങ്ങനെ സ്റ്റാഫുകൾ വേണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് പറഞ്ഞു.

പരിമിതികൾക്കിടയിലും കരുതലായി

ഇത്തരം പരിമിതികൾ നിലനില്ക്കുമ്പോഴും ആശുപത്രി ജീവനക്കാർ രോഗികൾക്ക് ആശ്വാസകരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് രോഗികൾ പറയുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, രണ്ട് യൂണിറ്റായി പ്രവർത്തിക്കുന്ന ഡയാലിസിസ്, പാലിയേറ്റീവ്, ഇഹെൽത്ത്, ഫീവർ ക്ലീനിക്, എക്‌സ് റെ, ആംബുലൻസ്, ടി.ബി സെന്റർ, കേൾവി, മെഡിക്കൽ ബോർഡ് എന്നീ സൗകര്യങ്ങൾ കൃത്യമായി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ആശുപത്രിയിൽ 44 കോടി ചെലവിൽ അഞ്ചു നില കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. എല്ലാ ആധുനിക സജ്ജീകരണങ്ങളും ​സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഉൾപ്പെട്ടതാണ് പുതിയ കെട്ടിടം. 18 മാസമാണ് നിർമ്മാണ കാലാവധി.

'മോർച്ചറിയിലെ ഫ്രീസർ കേടായതിനെ തുടർന്ന് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലാണ് സൂക്ഷിക്കുന്നത്. പുതിയ ഫ്രീസറിന് ഓർഡർ നല്കിയട്ടുണ്ട്.'

സുധ കിഴക്കെപ്പാട്ട്, നഗരസഭ ചെയർപേഴ്‌സൺ