വിളവെടുപ്പായിട്ടും ചിറ്റിലപ്പാടത്ത് കളം ഒരുക്കാതെ നഗരസഭ

Wednesday 30 April 2025 12:01 AM IST

പന്തളം : കളം ഒരുക്കാത്തതും കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഷെഡില്ലാത്തതും കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് വിളവെ‌ടുപ്പ് വൈകാൻ കാരണമാകുന്നു. വിളവെടുത്ത നെല്ല് സൂക്ഷിക്കാനും ഉണങ്ങാനുമുള്ള കളവും കാർഷികോപകരണങ്ങളും സൂക്ഷിക്കാനുള്ള ഷെഡും ഒരുക്കി നൽകേണ്ടത് നഗരസഭയാണ്. എന്നാൽ നെല്ല് വിളഞ്ഞ് കൊയ്യാൻ പാകമായിട്ടും നഗരസഭാ അധികൃതർ ക്രമീകരണം ഒരുക്കുന്നില്ല. പാടത്തോടു ചേർന്നുള്ള നാദനടി കളത്തിലാണ് ചിറ്റിലപ്പാടത്തെ മുഴുവൻ കർഷകരും നെല്ല് ഉണക്കി സൂക്ഷിക്കുന്നത്. സമീപത്തുള്ള ചില പറമ്പുകൾ വാടകയ്ക്കും എടുക്കാറുണ്ട്. കളത്തിൽ നെല്ല് ഉണക്കി, വൃത്തിയാക്കിയശേഷമാണ് സപ്ലൈകോ സംഭരണം നടത്തുക. കളം ഒരുക്കേണ്ട സ്ഥലത്ത് പുല്ല് വളർന്നനിലയിലാണ്. ഇത് വെട്ടി വൃത്തിയാക്കേണ്ടത് നഗരസഭയുടെ ചുമതലയാണ്. അടുത്തയാഴ്ച കൊയ്ത്ത് തുടങ്ങാനിരിക്കെ ഇതുവരെ ഭൂമി വൃത്തിയാക്കിയിട്ടില്ല. സമീപത്തായി അഞ്ച് ലക്ഷം രൂപ മുടക്കി കർഷകർക്കാവശ്യമായ ഷെഡ് നിർമ്മിക്കാൻ നഗരസഭ തയ്യാറാക്കിയ പദ്ധതിയും നടപ്പായില്ല. മഴയായതിനാൽ ഷെഡ് നിർമ്മിക്കാതെ കൊയ്ത്ത് നടത്താനും കഴിയില്ല. പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് താത്കാലിക ഷെഡ് ഒരുക്കാനുള്ള ശ്രമത്തിലാണ് കർഷകർ.

വേനൽമഴ പ്രതിസന്ധിയാകും വേനൽമഴയിൽ പാടത്ത് വെള്ളം കെട്ടിനിൽക്കുന്നത് കൊയ്ത്തിനെ ബാധിക്കും. കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നത്. ഈർപ്പം വറ്റാത്ത പാടത്ത് യന്ത്രം പുതഞ്ഞ് കൊയ്ത്ത് തടസപ്പെടാൻ സാദ്ധ്യതയേറെയാണ്. പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം മോട്ടോറുപയോഗിച്ച് ചാലിലേക്ക് ഒഴുക്കിവിടാൻ കർഷകർ ശ്രമം നടത്തുന്നുണ്ട്. മഴ തുടർന്നാൽ വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുക.